റിയാദ്: ലോക റാലി ചാമ്പ്യൻഷിപ്പിന് സൗദി ആതിഥേയത്വം വഹിക്കുമെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി. ‘സൗദി റാലി’ എന്ന പേരിലായിരിക്കും ഇത്. ഇതിനുള്ള കരാർ ഒപ്പുവെക്കൽ ചടങ്ങ് ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിൽ സൗദി ഓട്ടോമൊബൈൽ ഫെഡറേഷൻ പ്രസിഡന്റ് അമീർ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല അൽ ഫൈസൽ, ലോക റാലി ചാമ്പ്യൻഷിപ്പ് ജനറൽ ഡയറക്ടറായ ജോനാ സീലെ എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. അടുത്ത വർഷം മുതൽ പത്ത് വർഷത്തേക്കാണ് കരാർ. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ, സൗദി മോട്ടോർ സ്പോർട്സ് കമ്പനി, കായിക മന്ത്രാലയം എന്നിവയുടെ സംയുക്ത മേൽനോട്ടത്തിലാണ് ലോക റാലി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുക.
ലോക റാലി ചാമ്പ്യൻഷിപ്പ് എന്ന ആഗോള കായിക മത്സരങ്ങളിൽ ചേരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ പറഞ്ഞു. ആഗോള കായിക മത്സരങ്ങൾ രാജ്യം പ്രിയപ്പെട്ടതും അനുയോജ്യമായതുമായ ഒരു ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു. ഭരണകൂടത്തിന്റെ ഉദാരമായ പിന്തുണയാണ് സ്പോർട്സ് മേഖലക്ക് ലഭിക്കുന്നത്. മോട്ടോർ സ്പോർട്സിന്റെ ലോകത്തിലെ ഏറ്റവും വലിയ ടൂർണമെന്റുകളിലൊന്നായ വേൾഡ് റാലി ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ വിവിധ കായിക വിനോദങ്ങൾക്കും പരിപാടികൾക്കും ഏറ്റവും വലിയ കായിക ഫോറങ്ങൾക്കും സൗദി അറേബ്യ ആതിഥേയത്വം വഹിച്ചിട്ടുണ്ടെന്നും കായികമന്ത്രി പറഞ്ഞു.
ആദ്യമായി ലോക റാലി ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ പ്രസിഡന്റ് അമീർ ഖാലിദ് ബിൻ സുൽത്താൻ ബിൻ അബ്ദുല്ല ബിൻ ഫൈസൽ പറഞ്ഞു. രാജ്യത്ത് ആഗോള നിലവാരമുള്ള മറ്റൊരു റേസിങ് പരമ്പരയുടെ വരവാണിത്. സൗദി ഇന്ന് സ്പോർട്സിനും വിവിധ ഗെയിമുകളിലെ അത്ലറ്റുകൾക്കും ഒരു ഇഷ്ടഭവനമായി മാറിയിരിക്കുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
മോട്ടോർ സ്പോർട്സ് ഉൾപ്പെടെ ഫോർമുല വൺ, ഫോർമുല ഇ, എക്സ്ട്രീം ഇ റേസിങ്, ഡാക്കാർ റാലി തുടങ്ങിയ നിരവധി ഇവന്റുകളിൽ ഒരു ഈ പ്രധാന ഇവന്റ് കൂടി ചേരാൻ പോകുകയാണ്. സൗദിയുടെ ഹോസ്റ്റിങ് ഫയലിലെ നേട്ടങ്ങളുടെ പട്ടികയിൽ രേഖപ്പെടുത്താൻ പോകുന്ന മറ്റൊരു വിജയമാണിതെന്നും അമീർ ഖാലിദ് ബിൻ സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.