ബുറൈദ: ഈ മാസം മൂന്നിന് കൊടിയേറിയ ബുറൈദ ഈത്തപ്പഴ മഹോത്സവത്തിൽ തിരക്കേറി. പ്രവിശ്യ ഗവർണറേറ്റിെൻറ മേൽനോട്ടത്തിൽ പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിെൻറ ഖസീം ഓഫിസ് ദേശീയ പാചക കലാ അതോറിറ്റിയുടെയും ബുറൈദ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെ ബുറൈദ ഈത്തപ്പഴ നഗരിയിലാണ് ‘ഡേറ്റ്സ് ഫെസ്റ്റിവൽ 2023’ സംഘടിപ്പിക്കുന്നത്. ഗുണനിലവാരമുള്ള ഈത്തപ്പഴം ഉൽപാദിപ്പിക്കുന്ന നൂതന മാർഗങ്ങളും ആധുനിക കൃഷിരീതികളും കൃഷിക്കാർക്ക് പരിചയപ്പെടുത്തുന്ന മേള ഈ മാസം 25 വരെ നീളും.
ഈന്തപ്പന കൃഷി, പരിചരണം, വിളവെടുപ്പ്, ഉൽപന്ന വിപണനം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച സംശയനിവാരണ, ബോധവത്കരണ പരിപാടികളും സെമിനാറുകളും വരുംദിനങ്ങളിൽ സംഘടിപ്പിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിെൻറ ഖസീം ഓഫിസ് ഡയറക്ടർ അബ്ദുൽ അസീസ് അൽ റാജിഹി പറഞ്ഞു. 40,000ത്തിലധികം തൊഴിലവസരങ്ങളാണ് ഈത്തപ്പഴ വിളവെടുപ്പ് കാലം ഖസീമിന് സമ്മാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ ഈന്തപ്പന കൃഷിയുടെ വ്യാപ്തിയും നഗരി വഴിയുള്ള വിപണനത്തിെൻറയും കയറ്റുമതിയുടെയും സാധ്യതകളും വർധിപ്പിക്കുക എന്നത് മേളയുടെ പ്രധാന ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബുറൈദ, അൽ ആസിയ, ഷമ്മാസിയ, അയ്നുൽ ജുവ, ബുകേരിയ, ഖബ്റ, ബദായ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് തോട്ടങ്ങളിൽനിന്നായി 45ഓളം ഇനങ്ങൾ ഈ ഉത്സവകാലത്ത് നഗരിയിലെത്തും. കൃഷിമന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 80 ലക്ഷത്തിലധികം ഈന്തപ്പനകളാണ് പ്രവിശ്യയിലുള്ളത്. രാജ്യത്തെ മൊത്തം ഈത്തപ്പഴ ഉൽപാദനത്തിെൻറ 30 ശതമാനവും ഖിസീമിൽ നിന്നാണെന്ന് കണക്കാക്കപ്പെടുന്നു.
വിവിധ കമ്മിറ്റികൾ വഴി സൂപ്പർവൈസിങ് മുതൽ കയറ്റുമതി വരെ ഉയർന്ന നിലവാരത്തിൽ നിർവഹിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് ഫെസ്റ്റിവൽ സി.ഇ.ഒ ഖാലിദ് അൽ നുഖീദാൻ പറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്നുള്ള കച്ചവടക്കാരും ഇടനിലക്കാരും ബുറൈദയിൽ എത്തിത്തുടങ്ങി. വരുംദിനങ്ങളിൽ രാജ്യത്തിന് പുറത്തുനിന്നും ആവശ്യക്കാരെത്തും. പരമ്പരാഗത പലഹാരങ്ങളും ഈത്തപ്പഴംകൊണ്ട് നിർമിക്കുന്ന ഭക്ഷണസാധനങ്ങളും നഗരിയിലെ സ്റ്റാളുകളിൽ നിരക്കും. ഈന്തപ്പനയുമായി ബന്ധപ്പെട്ട കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപനയും, പുരാതന കൃഷിത്തോട്ടങ്ങളുടെ പുനരാവിഷ്കാരം, ഫോട്ടോഗ്രഫി മത്സരം, ചിത്രപ്രദർശനം, സംഗീത-വിനോദ പരിപാടികൾ തുടങ്ങിയവ ഉത്സവത്തിന് മാറ്റുകൂട്ടും.
പരിസ്ഥിതി-ജല-കൃഷി മന്ത്രാലയത്തിെൻറ കണക്ക് പ്രകാരം 2022ലെ സൗദിയുടെ ഈത്തപ്പഴ കയറ്റുമതി 3,21,000 ടണ്ണാണ്. ഇത് സർവകാല റെക്കോഡാണ്. 128 കോടി റിയാലിെൻറ മൂല്യമാണിതിന്. 300ലധികം ഇനങ്ങളാണ് സൗദിയിൽ കൃഷി ചെയ്യുന്നത്. 3.4 കോടി ഈന്തപ്പനകൾ സൗദിയിലാകമാനമുണ്ട്. ഇതിൽ 1.12 കോടിയും ബുറൈദ ഉൾപ്പെടുന്ന ഖസീം പ്രവിശ്യയിലാണ്. മദീനയിൽ 83 ലക്ഷവും റിയാദിൽ 77 ലക്ഷവും ദമ്മാം, ഹുഫൂഫ് അടങ്ങിയ കിഴക്കൻ പ്രവിശ്യയിൽ 41 ലക്ഷവും ഈന്തപ്പനകളാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ മാർക്കറ്റാണ് ബുറൈദയിലേത്. ലോകപ്രശസ്തമായ സുക്കരി ഈത്തപ്പഴത്തിെൻറ വിളനിലമാണ് ഖസീം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.