ജിദ്ദ: പുണ്യമാസത്തിലെ ആദ്യ ജുമുഅയിൽ ഭക്തജന സമുദ്രമായി മക്ക, മദീന ഹറമുകൾ. മികച്ച സേവന സംവിധാനങ്ങൾക്കും ഉംറ തീർഥാടകരുടെ വർധിച്ച പ്രവാഹത്തിനുമിടയിലാണ് ആദ്യ വെള്ളിയാഴ്ച ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞത്. റമദാനിന്‍റെ ആത്മനിർവൃതിയിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ ലക്ഷങ്ങളാണ് വെള്ളിയാഴ്ച ഹറമുകളിലെത്തിയത്.
വെള്ളിയാഴ്ചത്തെ പ്രാർഥനകളിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാത്രി മുതൽ മക്കയിലേക്കും മദീനയിലേക്കും സ്വദേശികളും വിദേശികളുമായ വിശ്വാസികളുടെ ഒഴുക്കായിരുന്നു. ജുമുഅക്ക് മുമ്പ് പതിവിലും നേരത്തെ മക്ക ഹറമിന്‍റെ അകവും പുറവും മേൽത്തട്ടുകളും കവിഞ്ഞു. തിരക്ക് കൂടിയതോടെ ആളുകളെ പുതിയ കെട്ടിട ഭാഗങ്ങളിലേക്ക് തിരിച്ചുവിട്ടു. നമസ്കാരത്തിന് വേണ്ടി ആളുകൾ അണിനിരന്ന വരികൾ ഹറമിനുള്ളിൽനിന്ന് പുറത്തേക്ക് നീണ്ടു. മുറ്റങ്ങളിൽ നമസ്കാരത്തിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയത് ആളുകൾക്ക് സൗകര്യമായി.
മികച്ച സേവനം എന്ന ലക്ഷ്യത്തോടെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന്‍റെ മേൽനോട്ടത്തിൽ ജുമുഅക്കെത്തുന്നവരെ സ്വീകരിക്കാൻ മാനുഷികവും യാന്ത്രികവുമായ എല്ലാ സംവിധാനങ്ങളും കഴിവുകളും പൂർണ ശേഷിയിൽ ഉപയോഗപ്പെടുത്തിയിരുന്നു. വിവിധ വകുപ്പുകൾക്ക് കീഴിൽ സേവനത്തിന് കൂടുതൽ പേരെ നിയോഗിച്ചിരുന്നു. മുഴുവൻ കവാടങ്ങളും തുറന്നിട്ടു. കൂടുതൽ നടപാതകൾ ഒരുക്കി പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കി.
വഴികളിലെ തടസങ്ങൾ നീക്കി. സുരക്ഷ ഉറപ്പാക്കി. ഹറമിലേക്ക് എത്തുന്ന റോഡുകളിൽ ഗതാഗത നിയന്ത്രണമേർപെടുത്തി കാൽനടക്കാരുടെ സഞ്ചാരം ട്രാഫിക്, സുരക്ഷ ഉദ്യോഗസ്ഥർ ചേർന്ന് സുഗമമാക്കി.
മക്കയുടെയും മദീനയുടെയും പരിസര പ്രദേശങ്ങളിൽനിന്ന് ഹറമുകളിലെ ജുമുഅയിൽ പങ്കെടുക്കാനെത്തിയവരിൽ അധികമാളും ഇഫ്താറുകളിലും തറാവീഹ് നമസ്കാരത്തിലും പങ്കെടുത്ത ശേഷമാണ് ഹറമുകളോട് വിടപറഞ്ഞത്. റമദാനിലെ ആദ്യ വെള്ളിയാഴ്ചയിലേക്ക് ഒരുക്കിയ പ്രവർത്തന പദ്ധതികൾ വൻ വിജയമായതായി ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. വിജയത്തിനു പിന്നിലെ എല്ലാ വകുപ്പുകളുടെയും സഹകരണത്തെ ഇരുഹറം കാര്യാലയ മേധാവി പ്രശംസിച്ചു.
മക്ക ഹറമിൽ നടന്ന ജുമുഅ നമസ്കാരത്തിന് ഡോ. ഫൈസൽ ബിൻ ജാമിൽ ഗസാവി നേതൃത്വം നൽകി. നോമ്പ് ആത്മാവിനെ ശുദ്ധീകരിക്കുകയും മനുഷ്യനെ അവന്‍റെ പെരുമാറ്റം പരിഷ്കരിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നുവെന്നും ഹറം ഇമാം പറഞ്ഞു. അല്ലാഹുവിന്‍റെ കൃപയാൽ റമദാൻ വീണ്ടും നമുക്ക് സമാഗതമായിരിക്കുന്നു. അതിന് നന്ദി പറയുക. ആത്മാവുകൾക്ക് ചില വഴിതെറ്റൽ, അകലം, അശ്രദ്ധ, മന്ദത എന്നിവ പിടിപ്പെടും. അതിനെ ശുദ്ധീകരിക്കാനാണ് റമദാൻ കടന്നുവരുന്നത്.
മനുഷ്യനെ ശരിയായ പാതയിലേക്ക് തിരികെ കൊണ്ടുവരാനും ദൈവ കൽപ്പനകൾ പാലിച്ച് നേരെ ചെവ്വേ നിലകൊള്ളാനും ദൈവസ്മരണയും ജാഗ്രതയുമുണ്ടാകുന്നതിനുമുള്ള അവസരമാണ് റമദാൻ. മനുഷ്യന്‍റെ പെരുമാറ്റം പരിഷ്കരിക്കാനും സ്വയം നിയന്ത്രിക്കാനും വിശ്വാസം, ഭക്തി, ധാർമികത, ഔദാര്യം, ദാനധർമങ്ങൾ എന്നിവയാൽ അവനെ അലങ്കരിക്കാനും സത്യസന്ധത, വിശ്വാസ്യത, ദൈവത്തെ മാത്രം അനുസരിക്കാനും അത് വിശ്വാസിയെ പഠിപ്പിക്കുന്നു. ഒപ്പം ഖുർആനിലുള്ള ശ്രദ്ധയും ചിന്തയും താൽപര്യവും വർധിപ്പിക്കുന്നുവെന്നും ഇമാം പറഞ്ഞു.
മസ്ജിദുന്നബവിയിൽ നടന്ന ജുമുഅ നമസ്കാരത്തിന് ഡോ. അഹമ്മദ് ബിൻ അലി അൽഹുദൈഫി നേതൃത്വം നൽകി. പുണ്യങ്ങളുടെയും അനുഗ്രഹങ്ങളുടെയും മാസമാണ് റമദാനെന്നും മഹത്തായ താൽപര്യങ്ങൾ വ്രതം നിശ്ചയിച്ചതിലുണ്ടെന്നും ഇമാം പറഞ്ഞു. വ്രതം വിശ്വാസത്തിന്‍റെ പാഠശാലകളിൽ ഒന്നാണ്. പരോപകാരത്തിന്‍റെ പദവിയിലേക്കുള്ള ഉയർച്ചയാണത്. ക്ഷമയെക്കുറിച്ച് വിശ്വാസിയെ പഠിപ്പിക്കുകയും ആത്മാവിനെ അതിന്‍റെ ആഗ്രഹങ്ങളിൽനിന്ന് തടയുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യങ്ങളിലുൾപ്പെടുമെന്നും ഇമാം ഉദ്ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.