അൽ ഉല: സൗദി അറേബ്യയുടെ ചരിത്രനഗരമായ അൽ ഉലയിൽ രണ്ടു ദിവസത്തെ എക്സ്ട്രീം ഇ ഡെസേർട്ട് എക്സ് പ്രിക്സി കാറോട്ട മത്സരത്തിന് തുടക്കമായി. സൗദി ഓട്ടോമൊബൈൽ, മോട്ടോർ സൈക്കിൾ ഫെഡറേഷെൻറ സഹകരണത്തോടെ കായിക മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്.ശനിയാഴ്ച തുടങ്ങിയ മത്സരം ഞായറാഴ്ചയും തുടരും. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇലക്ട്രിക് എസ്.യു.വി കാറുകൾ പങ്കെടുക്കും. ആദ്യമായാണ് സൗദിയിൽ ഇങ്ങനെയൊരു കാറോട്ട മത്സരം. ഒഡിസി 21 കാറാണ് മത്സരത്തിന് ഉപയോഗിക്കുന്നത്. മത്സരത്തിനുള്ള കാറുകൾ ഒരു മാസം മുമ്പ് ജിദ്ദ തുറമുഖം വഴി സൗദിയിലെത്തിച്ചിരുന്നു.
സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങളിലൊന്നായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിെൻറ ഭാഗമായി നടക്കുന്ന മത്സരത്തിൽ ഒമ്പത് അന്താരാഷ്ട്ര ടീമുകളിൽ നിന്നായി ഓരോ പുരുഷ, വനിത ഡ്രൈവർമാരുൾപ്പെടെ 18 പേർ മാറ്റുരക്കും.ശനിയാഴ്ച നടക്കുന്ന പ്രാഥമിക റൗണ്ടിൽ ഓരോ ടീമും രണ്ടുതവണ യോഗ്യത നേടും. ഞായറാഴ്ച സെമി ഫൈനൽ, ക്രേസി റേസ്, ഫൈനൽ എന്നിവയും നടക്കും. ഓരോ മത്സരവും രണ്ട് റേസിങ് ആയിരിക്കും. ഒന്ന് പുരുഷ മത്സരാർഥിയും മറ്റൊന്ന് വനിത മത്സരാർഥിയും. റേസ് സമയത്തെ അടിസ്ഥാനമാക്കിയല്ല, റേസ് ഫിനിഷിങ് സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് മത്സരഫലം.
ലോകമെമ്പാടുമുള്ള കാലാവസ്ഥ വ്യതിയാനം ബാധിച്ച സ്ഥലങ്ങളിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിച്ച് മത്സരിക്കുന്ന പുതിയ റേസിങ് സീരീസാണ് എക്സ്ട്രീം ഇ. 2021 സീസണിൽ നാല് ഭൂഖണ്ഡങ്ങളിലായി അഞ്ച് വ്യത്യസ്ത പ്രദേശങ്ങളിലാണ് മത്സരം നടക്കുന്നത്. സൗദി അറേബ്യ അൽ ഉല, ഡാകർ സെനഗൽ, ഗ്രീൻലാൻഡ്, ആമസോൺ ബ്രസീൽ, പാറ്റഗോണിയ, അർജൻറീന എന്നിവിടങ്ങളിലാണ് ഈ വർഷത്തെ മത്സരങ്ങൾ.
ആദ്യമായി എക്സ്ട്രീം ഇ കാറോട്ട മത്സരത്തിന് സൗദി അറേബ്യയിലെ ചരിത്ര നഗരമായ അൽ ഉലയിൽ ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.വിജയകരമായ ഡാകർ റാലിക്ക് ആതിഥേയത്വം വഹിക്കാനും രാജ്യത്തിന് സാധിച്ചെന്നും ഈ വർഷാവസാനം ഫോർമുല വൺ കാറോട്ട മത്സരവും സൗദിയിൽ നടക്കുമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.