യാംബു: 14-ാമത് യാംബു പുഷ്പമേളയിൽ സന്ദർശകരെ ഏറെ ആകർഷിക്കുന്ന വിവിധ പവിലിയനുകളിലൊന്നാണ് ‘ടെക്നോളജി ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോർണർ’.
ആർട്ടിഫിഷ്യൽ ഇൻറലിജൻസിനെയും അതിന്റെ അനന്ത സാധ്യതകളെയുംകുറിച്ച് അവബോധം നൽകുന്നതാണ് പവലിയൻ. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർമിത ബുദ്ധിയുടെയും നൂതന സാങ്കേതിക വിദ്യകളുടെയും വിപ്ലവം ഊന്നൽ നൽകുന്ന സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘വിഷൻ 2030’ ലക്ഷ്യങ്ങൾകൂടി ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്.
ഡാറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് എൻജിനീയറിങ്, മെഷീൻ ലേണിങ്, ദൃശ്യശ്രാവ്യ മാധ്യമങ്ങൾ എന്നീ രംഗങ്ങളിലെ തൊഴിൽസാധ്യതയെ ക്കുറിച്ച് പവിലിയൻ വിശദീകരിക്കുന്നു. ഇന്നുള്ള തൊഴിലുകളിൽ പകുതിയോളം അടുത്ത 10 വർഷത്തോടെ നൂതന സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റത്തോടെ പുതിയ രീതിയിലേക്ക് മാറുമെന്ന അവസ്ഥ വരാമെന്ന സന്ദേശവും ഈ കോർണർ നൽകുന്നു. എ.ഐയുടെ സഹായത്തോടെ റോബോട്ടുകൾ ചെയ്യുന്ന തൊഴിലുകൾ വികസിത രാജ്യങ്ങളിൽ സാധാരണ കാഴ്ചയായി മാറിക്കഴിഞ്ഞു. നെറ്റ്വർക്ക് ചിപ്പുകൾ മനുഷ്യനെപ്പോലെ ചിന്തിക്കുന്ന ‘ന്യൂറൽ നെറ്റ് വർക്ക്’ വികസിപ്പിച്ചെടുത്തുകഴിഞ്ഞു.
ചാറ്റ് ജി.പി.ടി പോലുള്ള അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സങ്കേതങ്ങൾ തുറന്നിടുന്ന സാധ്യതകൾക്കുമുന്നിൽ കണ്ണും മിഴിച്ചിരിക്കുകയാണ് ലോകം. ദൈനംദിനം ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം പ്രയോജനപ്പെടുമെന്നും അതിന്റെ ഭാവി സാധ്യതകൾ എത്രത്തോളമുണ്ടെന്നതിനെക്കുറിച്ചുമുള്ള അറിവുകളാണ് ഈ കോർണർ പകർന്നുനൽകുന്നതാണ്.
സന്ദർശകർക്ക് വിവിധ കാഴ്ചാനുഭവങ്ങളും റോബോട്ടിക് ദൃശ്യങ്ങളും നൽകുന്ന പവിലിയൻ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. എൻജിനീയറിങ്, മെഡിസിൻ സയൻറിഫിക് റിസർച്ച് തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ ഉപയോഗവും അതുപോലെ അതിലെ അപകട സാധ്യതകൾ എങ്ങനെതരണം ചെയ്യാം എന്നതും വിശദീകരിക്കുന്ന ഒന്നാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തിൽ വിദ്യാഭ്യാസത്തിനും സർഗാത്മകതക്കും ഈ മേഖലയുടെ സംഭാവന വിശദീകരിക്കുന്ന നിരവധി പ്രോഗ്രാമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഡേറ്റ എക്സ്ട്രാക്ഷനിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും ഇവിടെ വിശദീകരിക്കുന്നു. വിർച്വൽ റിയാലിറ്റി ഗെയിമുകളിലൂടെ വിനോദത്തിനും സാഹസികതക്കുമുള്ള ഒരു പ്രത്യേക വിഭാഗം, കുട്ടികൾക്കും കൗമാരക്കാർക്കും പ്രോഗ്രാമിങ്, റോബോട്ടിക്സ് മേഖലകളെക്കുറിച്ച് അറിവ് നൽകുന്ന ലളിതമായ മറ്റൊരു കൗണ്ടറും ഉൾപ്പെടുത്തിയിരിക്കുന്നു. വിവിധ മേഖലകളിൽ അറിവും അവബോധവും പകർന്ന് നൂതന ആശയങ്ങളോടെ മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഒരുക്കിയ യാംബു പുഷ്പമേള കാണാൻ സന്ദർശകരുടെ വർധിച്ച സാന്നിധ്യമാണ് എന്നും പ്രകടമാകുന്നത്.
ആഗോള ശ്രദ്ധനേടിയ പുഷ്പമേള ലോകത്തിലെ ഏറ്റവും വലിയ പൂക്കൊട്ട, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ റോക്കറ്റിന്റെ മാതൃക എന്നീ മൂന്ന് ലോക റെക്കോഡുകൾ സ്ഥാപിച്ചുകഴിഞ്ഞു. ഫെബ്രുവരി 15ന് ആരംഭിച്ച മേള മാർച്ച് ഒമ്പതിനാണ് അവസാനിക്കുക. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ പുലർച്ചെ ഒന്ന് വരെയുമാണ് സന്ദർശനസമയം. 11.50 റിയാൽ മൂല്യമുള്ള ടിക്കറ്റ് https://yanbuflowerfestival.com.sa/en എന്ന സൈറ്റിൽനിന്ന് എടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.