ഖമീസ് മുശൈത്ത്: കെട്ടിടത്തിന്‍റെ മുകളിൽനിന്ന് ലിഫ്റ്റിന്റെ കുഴിയിൽ വീണു മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തിൽ ബാബുവിന്‍റെ (41) മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് ലോക കേരളസഭ സമ്മേളനത്തിലെ ഓപൺ ഹൗസിൽ ബാബുവിന്‍റെ മകൻ എബിൻ പിതാവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും നോർക വൈസ് ചെയർമാനുമായ എം.എ. യൂസുഫലിയോട് സഹായം തേടിയതും അദ്ദേഹം വിഷയത്തിലിടപെടാമെന്ന് ഉറപ്പുനൽകിയതും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എബിന്‍റെ വേദനകലർന്ന അഭ്യർഥനയോട് സഹാനുഭൂതിയോടെ പ്രതികരിച്ച യൂസുഫലി ആ വേദിയിൽ വെച്ച് തന്നെ സൗദിയിലെ ലുലു ഗ്രൂപ് ഡയറക്ടർ മുഹമ്മദ് ഷഹീമിനെ വിളിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാൻ നിർദേശിച്ചു.
മുഹമ്മദ് ഷഹീം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യവിഭാഗം അംഗവും ഒ.ഐ.സി.സി നേതാവും അബഹയിലെ ജീവകാരുണ്യ പ്രവർത്തകനുമായ അഷ്റഫ് കുറ്റിച്ചലിനെയും റിയാദിലെ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ട്കാടിനെയും ബന്ധപ്പെട്ട് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇരുവരുടെയും പേരിൽ കുടുംബത്തിന്‍റെ അനുമതി പത്രം നൽകി. അഷ്റഫ് കുറ്റിച്ചലും മാധ്യമപ്രവർത്തകൻ മുജീബ് എള്ളുവിളയും ബാബുവിന്റെ സ്പോൺസറുടെ നാടായ തരിബിൽ എത്തി അദ്ദേഹത്തെ കണ്ട് മൃതദേഹം നാട്ടിൽ അയക്കാൻ സഹായം ടേതി.
ബാബുവിന്‍റെ പാസ്പോർട്ടും മൃതദേഹം നാട്ടിൽ അയക്കുന്നതിന് തടസ്സങ്ങൾ ഒന്നുമില്ല എന്ന രേഖയും കൈമാറി. തുടർന്ന് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന അഹദ് റുഫൈദ ജനറൽ ആശുപത്രിയിൽ എത്തി ഓങ്കോളജി വിഭാഗം ഡയറക്ടറിൽനിന്ന് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോർട്ടും വാങ്ങി. ശനിയാഴ്ച സർക്കാർ ഓഫിസുകളും കോൺസുലേറ്റും അവധിയായതിനാൽ ബാക്കി രേഖകൾ ഞായറാഴ്ച ശരിയാക്കാൻ വേണ്ട നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
നടപടികൾ പൂർത്തിയാക്കാൻ ലുലു ഗ്രൂപ്പിന്‍റെ രണ്ട് പ്രതിനിധികളും അബഹയിൽ എത്തിയിട്ടുണ്ട്. ഏഴുവർഷമായി സൗദിയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു ബാബു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ എത്തിയത്. തിരിച്ചെത്തിയ ശേഷം ജോലിയിൽ തുടർന്നെങ്കിലും മൂന്ന് വർഷം മുമ്പ് ബാബു തന്‍റെ കീഴിൽനിന്ന് ഒളിച്ചോടി എന്ന് സ്പോൺസർ സൗദി പാസ്പോർട്ട് ഡയറക്ടറേറ്റിൽ (ജവാസത്ത്) പരാതിപ്പെട്ട് 'ഹുറൂബ്' എന്ന കേസിൽപ്പെടുത്തിയിരുന്നു. ഇതുമൂലമുള്ള നിയമകുരുക്കിലായിരുന്നു ബാബു.
അതിനിടയിലാണ് പണി നടക്കുന്ന കെട്ടിടത്തിനുള്ളിൽ ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്ത കുഴിയിൽ വീണ് മരിക്കുന്നത്. മൃതദേഹം നാട്ടിൽ എത്തിക്കണം എന്ന ആവശ്യം നിരവധി ഖമീസ് മുശൈത്തിലെ പ്രവാസിസംഘടനകളുടെയും ജീവകാരുണ്യപ്രവർത്തകളുടെയും ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും നാട്ടിൽ അയക്കുന്നതിന് വേണ്ടിവരുന്ന ചെലവിനുള്ള പണം കണ്ടെത്തുന്നതിനുള്ള പ്രയാസവും സംഭവത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാകാത്തതും 'ഹുറൂബ്' നിയമകുരുക്കുമാണ് താമസം നേരിടാൻ ഇടയാക്കിയത്.
ഒടുവിൽ ലോക കേരളസഭയിലെ ഓപൺ ഹൗസ് വഴി എം.എ. യൂസുഫലി ഇടപെട്ടതോടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായി. ദിവസങ്ങൾക്കുള്ളിൽ മൃതദേഹം നാട്ടിലെത്തും. ബാബുവിന് എബിനെകൂടാതെ വിപിൻ എന്ന മകനുമുണ്ട്. ഉഷയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.