റിയാദ്: അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള 34 കോടി സമാഹരിക്കപ്പെട്ടതിൽ ആത്മനിർവൃതിയണിഞ്ഞ് യൂസുഫ് കാക്കഞ്ചേരി.ഇന്ത്യൻ എംബസിയുടെ വെൽഫെയർ വിഭാഗത്തിൽ ഉദ്യോഗസ്ഥനായ യൂസഫ്, അബ്ദുറഹീമിനു വേണ്ടി തുടക്കം മുതലേ ഇടപെട്ട വ്യക്തിയാണ്. അബ്ദുൽ റഹീമിനെ 2006ൽ പൊലീസ് അറസ്റ്റ് ചെയ്ത വിവരം അന്നുതന്നെ ഇന്ത്യൻ എംബസിക്ക് ലഭിച്ചിരുന്നു. അന്നുമുതൽ കേസിന്റെ ഓരോ നാൾവഴികളിലും ഇന്ത്യൻ എംബസിയെ പ്രതിനിധാനംചെയ്ത വ്യക്തിയാണ് യൂസഫ്.
റഹീം മോചനത്തിനരികെ എത്തിനിൽക്കുമ്പോൾ അത്യാഹ്ലാദവും അതിലേറെ അഭിമാനവും ഉള്ളതായി അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നൂറിലേറെ തവണ കോടതിയിൽ പോയിട്ടുണ്ട്. 2014ൽ വധശിക്ഷ വിധിച്ച ആദ്യഘട്ടത്തിൽ തന്നെ അപ്പീൽ കോടതിയിൽ പോയി വധ ശിക്ഷ റദ്ദ് ചെയ്തിരുന്നു. എന്നാൽ, വാദി വിഭാഗം വീണ്ടും കോടതിയിൽ പോയി വധശിക്ഷ പുന:സ്ഥാപിക്കുകയായിരുന്നു. കേസിന്റെ നാൾവഴികളിലൂടെ വർഷങ്ങൾ നീങ്ങി. ‘‘ഞങ്ങളുടെ ഹഖ് തിരിച്ചു തരൂ. ഞങ്ങളുടെ കുട്ടിയുടെ ജീവൻ തിരിച്ചുതരൂ’’ എന്നാണ് മരിച്ച കുട്ടിയുടെ കുടുംബം ആവർത്തിച്ചിരുന്നത്.
അവസാനം ദിയാധനം നൽകുന്നതുവരെ കാത്തു നിൽക്കാമെന്ന കോടതി വിധി അംഗീകരിക്കുകയായിരുന്നു. തുടക്കത്തിലേ വലിയ സംഖ്യയാണ് ചോദിച്ചത്. മധ്യസ്ഥരുടെ സഹായത്തോടെ പലവട്ട ചർച്ചക്കൊടുവിലാണ് നിലവിലെ തുകയിൽ കരാറിൽ ഏർപ്പെട്ടത്. ഫണ്ട് പൂർത്തിയായതോടെ വാദിവിഭാഗം വക്കീലിനെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഈദ് അവധി ദിനങ്ങൾക്കുശേഷം വിശാല ചർച്ച നടക്കും.
ഹജ്ജ് ദിന അവധി വരുന്ന സാഹചര്യത്തിൽ കോടതി നടപടികൾ പൂർത്തിയാക്കാനും ദിയാധനം കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങൾ പൂർത്തിയാക്കാനും ഒന്നുരണ്ടു മാസങ്ങൾ കൂടി ഇനിയും ജയിൽ വിമോചനത്തിന് കാലതാമസം വരുമെന്ന് കരുതുന്നതായും യൂസുഫ് കാക്കഞ്ചേരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.