ദുബൈ: ഈദുൽ ഇത്തിഹാദിനോടനുബന്ധിച്ച് മാനവ വിഭവശേഷി, എമിററ്റൈസേഷൻ മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ ആഘോഷ പരിപാടികളിൽ പങ്കെടുത്തത് 10 ലക്ഷം തൊഴിലാളികൾ. ‘ദേശീയ ആഘോഷത്തിൽ തൊളിലാളികളുടെ സന്തോഷം’ എന്ന പ്രമേയത്തിൽ തിങ്കളാഴ്ച ആരംഭിച്ച ആഘോഷ പരിപാടികൾ ചൊവ്വാഴ്ച വരെ നീണ്ടു.
ആഭ്യന്തര മന്ത്രാലയം, ദുബൈ പൊലീസ് ജനറൽ കമാൻഡ്, മുനിസിപ്പാലിറ്റികൾ, നാഷനൽ ആംബുലൻസ്, റാസൽ ഖൈമ ഫ്രീസോൺ എന്നിവരുടെ സഹകരണത്തോടെയാണ് ക്രിക്കറ്റ് ടൂർണമെന്റുകൾ, വിവിധ രീതിയിലുള്ള മത്സരങ്ങൾ, ഗിവ് എവേകൾ, സമ്മാന വിതരണം, റാഫിൾ ഡ്രോ കാർ സമ്മാനം തുടങ്ങിയവ സംഘടിപ്പിച്ചത്. സമാന്തരമായി വിവിധ എമിറേറ്റുകളിലെ കമ്പനികളും ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് തൊഴിലാളികൾക്കായി വിനോദ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
രാജ്യത്തിന്റെ സുസ്ഥിര വികസനത്തിലും വളർച്ചയിലും പ്രധാന സ്തംഭങ്ങളായി നിലനിൽക്കുന്ന തൊഴിൽ സമൂഹത്തെ വിലമതിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതായിരുന്നു ഇത്തരം ആഘോഷ പരിപാടികൾ. തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും വർധിപ്പിക്കുകയെന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടിനോട് ചേർന്നുനിൽക്കുന്നതാണ് ഇത്തരം ആഘോഷ പരിപാടികളെന്നും അധികൃതർ അറിയിച്ചു.
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനായി തൊഴിൽ സംരക്ഷണ സംവിധാനം, തൊഴിൽ തർക്ക പരിഹാര മാർഗനിർദേശങ്ങൾ എന്നിവ യു.എ.ഇ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ തൊഴിലാളികളുടെ കഴിവുകളെ ആദരിക്കുന്നതിനായി എമിറേറ്റ്സ് ലേബർ മാർക്കറ്റ് പുരസ്കാരവും നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.