ദുബൈ: അൽ അവീറിൽ 16.5 കി.മീറ്റർ നീളത്തിൽ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) റോഡ് നിർമിക്കുന്നു. അൽ അവീർ വൺ മേഖലയിലാണ് ഇന്റേണൽ റോഡ് നിർമിക്കുക. എമിറേറ്റ്സ് റോഡിൽനിന്ന് പ്രവേശനം എളുപ്പമാക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറക്കുന്നതുമാണ് പദ്ധതി. കവലകളും റൗണ്ട് എബൗട്ടുകളും ഉൾപ്പെടുന്ന റോഡ് മേഖലയിലെ താമസക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.
അൽ അവീർ വണിന്റെ പ്രവേശന കവാടം മുതൽ ഷാർജ വരെ നീളുന്ന പാത റോഡിന്റെ ശേഷി 16 ശതമാനം വരെ വർധിക്കുമെന്ന് അതോറിറ്റി അറിയിച്ചു. റോഡ്, ലൈറ്റിങ്, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ എന്നിവയുൾപ്പെടെ റെസിഡൻഷ്യൽ ഏരിയകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
നഗരത്തിലെ പ്രധാന റെസിഡൻഷ്യൽ ഏരിയയെന്നനിലയിൽ, അവീറിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുക, ഗതാഗതം മെച്ചപ്പെടുത്തുക, റോഡ് സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റ് റെസിഡൻഷ്യൽ പ്രോജക്ടിനുള്ളിലേക്ക് അഞ്ച് കി.മീറ്റർ റോഡും എമിറേറ്റ്സ് റോഡിനെ അൽ അവീറുമായി ബന്ധിപ്പിക്കുന്ന 7.5 കിലോമീറ്റർ റോഡും ഉൾപ്പെടുന്നതാണ് പദ്ധതി. ഓരോ ദിശയിലും ഇരട്ടവരി പാതയിൽ കവലകളും റൗണ്ട് എബൗട്ടുകളും ഉൾപ്പെടും. പദ്ധതി പ്രദേശത്തേക്കുള്ള പ്രവേശന ശേഷി ഇരട്ടിയാക്കുമെന്നും മണിക്കൂറിൽ 1500 വാഹനങ്ങളിൽ നിന്ന് 3000 വാഹനങ്ങളായി വർധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് റോഡിലേക്ക് കൂട്ടിച്ചേർക്കുന്ന നാലു കി.മീറ്റർ പാതയിൽ വേഗപരിധി മണിക്കൂറിൽ 110 കി. മീറ്ററായിരിക്കും. ഇവിടെ മണിക്കൂറിൽ 2000 വാഹനങ്ങളുടെ ശേഷിയുണ്ടാകും. ഈ കൂട്ടിച്ചേർക്കൽ ഗതാഗതം മെച്ചപ്പെടുത്തുമെന്നും റോഡിന്റെ ശേഷി 16 ശതമാനം വർധിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.