ദുബൈ വിമാനത്താവളം (ഫയൽ ചിത്രം) 

മൂന്നുമാസം 1.42 കോടി യാത്രക്കാർ: പ്രതാപം വീണ്ടെടുത്ത് ദുബൈ വിമാനത്താവളം

ദുബൈ: കോവിഡ് കാലത്തെ അതിവേഗം മറികടന്ന് പ്രതാപം വീണ്ടെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. ഈവർഷം രണ്ടാം പാദത്തിലെ മൂന്നുമാസം 1.42 കോടി യാത്രക്കാരാണ് വിമാനത്താവളം വഴി കടന്നുപോയത്.

കഴിഞ്ഞ വർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വർധന 191 ശതമാനമാണ്. വിമാനത്താവളത്തിലെ റൺവേ നവീകരണ പ്രവർത്തനങ്ങൾക്കായി 45 ദിവസം അടച്ചിടേണ്ടി വന്നിട്ടും ഏപ്രിൽ മുതൽ ജൂൺ വരെ മാസങ്ങളിൽ വളർച്ച കൂടുകയാണ് ചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡിനെ വിജയകരമായി മറികടക്കുമ്പോൾ തന്നെ ഉപഭോക്തൃ സേവന ഗുണനിലവാരം നിലനിർത്താനും സാധിച്ചതായി ദുബൈ എയർപോർട്സ് ചീഫ് എക്സിക്യൂട്ടിവ് പോൾ ഗ്രിഫിത്സ് പറഞ്ഞു.

കഴിഞ്ഞവർഷത്തെ ആദ്യ ആറുമാസത്തെ യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളമാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. ഈ വർഷം ജൂൺ വരെയുള്ള ആറുമാസത്തിൽ 2.79 കോടി യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. കഴിഞ്ഞവർഷത്തെ മൊത്തം യാത്രക്കാരുടെ എണ്ണത്തിൽനിന്ന് 12 ലക്ഷം മാത്രം കുറവാണിത്.

2022ൽ വിമാനത്താവളത്തിൽ ആകെ 6.24കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ 5.83കോടിയാണ് പ്രവചിക്കപ്പെട്ടിരുന്നത്. അവസാന പാദത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയതോടെയാണ് പ്രതീക്ഷിക്കപ്പെടുന്ന യാത്രക്കാരുടെ എണ്ണം വർധിച്ചത്.കോവിഡ് മഹാമാരിയുടെ കാലത്ത് ഏറ്റവും മികച്ച രീതിയിൽ ജോലിസ്ഥലം രൂപകൽപന ചെയ്തതിന് കഴിഞ്ഞയാഴ്ച ദുബൈ വിമാനത്താവളത്തിന് അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചിരുന്നു.

മികച്ച തൊഴിൽദാതാക്കൾക്കുള്ള ഏഴാമത് സ്റ്റീവി അവാർഡുകളിൽ നൂതന ജോലിസ്ഥല പുനർരൂപകൽപനക്കുള്ള അവാർഡാണ് ലഭിച്ചത്. ജീവനക്കാർ, ഉപഭോക്താക്കൾ, അതിഥികൾ എന്നിവരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിന് സ്വീകരിച്ച നടപടികളാണ് അവാർഡിന് പരിഗണിച്ചത്.

പി.സി.ആർ പരിശോധനക്കും വാക്സിനേഷനുമുള്ള സൗകര്യം ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യമായി എയർപോർട്ട് അധികൃതർ ഒരുക്കിയിരുന്നു.

സുപ്രധാന സാങ്കേതിക സംവിധാനങ്ങളുടെ മാറ്റങ്ങളും വളരെ ചുരുങ്ങിയ കാലയളവിൽ നടപ്പാക്കി. ഇതെല്ലാമാണ് അവാർഡിന് സഹായിച്ചത്.

Tags:    
News Summary - 1.42 crore passengers in three months: Dubai airport regains its glory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.