ശരീരത്തില്‍ തുപ്പിയ ശേഷം പോക്കറ്റടി:  പുതിയ തന്ത്രവുമായി മോഷ്ടാക്കള്‍

അബൂദബി: ബാങ്കുകള്‍, എ.ടി.എമ്മുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം പിന്‍വലിച്ച് ഇറങ്ങുന്നവരെ കൊള്ളയടിക്കാന്‍ പുതിയ മാര്‍ഗവുമായി മോഷ്ടാക്കള്‍. ജനങ്ങളുടെ ദേഹത്ത് ബോധപൂര്‍വം തുപ്പിയ ശേഷം സഹായിക്കാനെന്ന വ്യാജേന വസ്ത്രം വൃത്തിയാക്കാന്‍ സഹായിക്കുന്നതിനിടെ പോക്കറ്റടിക്കുകയാണ് ചെയ്യുന്നത്. 
വാഹനത്തിന്‍െറ ടയറിലെ കാറ്റ് അഴിച്ചുവിട്ടും ചെറിയ ദിര്‍ഹം നോട്ടുകള്‍ റോഡുകളില്‍ വിതറിയും ശരീരത്തില്‍ മാലിന്യം തെറിപ്പിച്ചും മറ്റുമെല്ലാം ശ്രദ്ധ തിരിച്ചുനടത്തിയിരുന്ന കവര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ തന്ത്രവുമായി മോഷ്ടാക്കള്‍ എത്തിയിരിക്കുന്നത്. വസ്ത്രത്തില്‍ ബോധപൂര്‍വം തുപ്പിയ ശേഷം പോക്കറ്റടി നടത്തിയതിനെ തുടര്‍ന്ന് ബംഗ്ളാദേശ് സ്വദേശിയുടെ 10000 ദിര്‍ഹമാണ് നഷ്ടപ്പെട്ടത്. വസ്ത്രം വൃത്തിയാക്കാന്‍ സഹായിക്കുന്നതിനിടെയാണ് പോക്കറ്റില്‍ നിന്ന് പണം അടങ്ങുന്ന പഴ്സ് കവര്‍ന്നത്. 
ഷാബിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ബംഗ്ളാദേശി പൗരന്‍ പൊലീസില്‍ പരാതി നല്‍കിയതായി ഷാബിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ലെഫ്. കേണല്‍ റാശിദ് ഖലാഫ് അല്‍ ദാഹേരി പറഞ്ഞു. എ.ടി.എമ്മില്‍ നിന്ന് 10000 ദിര്‍ഹം പിന്‍വലിച്ച് ഇറങ്ങുന്നതിനിടെ ഒരാള്‍ അശ്രദ്ധമായെന്നോണം വസ്ത്രത്തില്‍ തുപ്പുകയായിരുന്നു. ഉടന്‍ തന്നെ മാപ്പ് പറയുകയും വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തു. 
തുടര്‍ന്ന് സ്ഥലത്ത് നിന്ന് പോകുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. വസ്ത്രം വൃത്തിയാക്കിയ ശേഷം പോക്കറ്റ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് ബംഗ്ളാദേശ് സ്വദേശി അറിഞ്ഞതെന്ന് ലെഫ്. കേണല്‍ റാശിദ് പറഞ്ഞു. മോഷ്ടാവിനെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. മോഷ്ടാവിനെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുമായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.   
ബാങ്കില്‍ നിന്നും എ.ടി.എമ്മുകളില്‍ നിന്നും പണവുമായി ഇറങ്ങുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് കവര്‍ച്ചക്കാര്‍ പുതിയ വിദ്യകളുമായി രംഗത്തുവരുന്നുണ്ടെന്നും ജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്നും കാപ്പിറ്റല്‍ പൊലീസ് ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സെയ്ത്തൂന്‍ അല്‍ മുഹൈരി പറഞ്ഞു. പണം പിന്‍വലിക്കുമ്പോഴും മറ്റും സംശയാസ്പദമായ രീതിയില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കണം. ബാങ്കുകളിലും എ.ടി.എമ്മുകളിലും കയറുന്നവരെ നിരീക്ഷിച്ച ശേഷമാണ് ഇത്തരക്കാര്‍ കവര്‍ച്ച നടത്തുന്നത്. ഇത്തരത്തിലുള്ള കവര്‍ച്ചകള്‍ തടയുന്നതിന് പൊലീസ് തുടര്‍ച്ചയായ പരിശ്രമങ്ങള്‍ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.