യു.എ.ഇ പതാക ദിനം ഇന്ന് : 12 മണിക്ക് പതാകകള്‍ ഉയരും

അബൂദബി:  യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അധികാരമേറ്റ ദിവസത്തിന്‍െറ ഓര്‍മയുടെ ഭാഗമായി പ്രഖ്യാപിച്ച യു.എ.ഇ പതാക ദിനാഘോഷം ചൊവ്വാഴ്ച നടക്കും.  ഫെഡറല്‍ അടക്കം എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇന്ന് ഉച്ചക്ക് 12ന് ദേശീയ പതാകകള്‍ ഉയര്‍ത്തും. രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും ഒത്തൊരുമയും പ്രകടമാക്കുന്നതിന്‍െറ ഭാഗമായി ഒരേ സമയം പതാക ഉയര്‍ത്തണമെന്ന്് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം നിര്‍ദേശിച്ചിരുന്നു. 
ഇതു പ്രകാരമാണ് ചൊവ്വാഴ്ച രാജ്യത്തെ മുഴുവന്‍ കേന്ദ്രങ്ങളിലും ഒരേ സമയം ദേശീയ പതാക ഉയരുക. 
 ദേശീയ പതാക രാജ്യത്തിന്‍െറ ഐക്യവും മികച്ച ഭാവിക്കായുള്ള ആഗ്രഹവും എല്ലാം ഉള്‍ക്കൊള്ളുന്ന പ്രതിരൂപമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. 
ശൈഖ് ഖലീഫ പ്രസിഡന്‍റായി ചുമതലയേറ്റതിന്‍െറ ഭാഗമായി നടക്കുന്ന ദേശീയ പതാക ദിനാഘോഷം സുപ്രധാനമാണെന്ന് വികസന-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ ലുബ്ന അല്‍ ഖാസിമി പറഞ്ഞു. ശൈഖ് ഖലീഫയുടെ നേതൃത്വത്തിന്‍ കീഴില്‍ ഏഴ് എമിറേറ്റുകളിലും നിരവധി വിജയകരമായ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചു. നമ്മുടെ രാജ്യത്ത് ലോകത്ത് മുഴുവന്‍ ബഹുമാനം നേടിയെടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. 
1030 ഡിസൈനുകളില്‍ നിന്നാണ് ദേശീയ പതാക തെരഞ്ഞെടുത്തതെന്ന് സാംസ്കാരിക-യുവജന-സാമൂഹിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഈ വര്‍ഷത്തെ പതാക ദിനാഘോഷം ജീവന്‍ ബലിയര്‍പ്പിച്ച സായുധസേനാ അംഗങ്ങള്‍ക്കുള്ള ബഹുമതി കൂടിയാണ്. ദേശീയ പതാകയിലെ ചുവപ്പ് നിറം മുന്‍തലമുറകളുടെ ത്യാഗത്തെയും രാജ്യത്തിന്‍െറ രക്തസാക്ഷികളെയും സൂചിപ്പിക്കുന്നതാണ്. 
പച്ച നിറം വളര്‍ച്ചയും സാംസ്കാരിക പ്രാധാന്യവും സമൃദ്ധിയും സൂചിപ്പിക്കുമ്പോള്‍  വെള്ള നിറം ജീവകാരുണ്യ സംഭാവനകളും ലോക സുരക്ഷക്കും സമാധാനത്തിനുമുള്ള പിന്തുണയും വ്യക്തമാക്കുന്നു. ഇമാറാത്തികളുടെ ശക്തിയും അനീതിയെയും തീവ്രവാദത്തെയും ചെറുക്കുന്നതിനുള്ള കരുത്തിനെയും വെളിവാക്കുന്നതാണ് കറുപ്പ് നിറം. 
പതാക ദിനത്തോട് അനുബന്ധിച്ച് ് സാംസ്കാരിക-യുവജന-സാമൂഹിക വികസന വകുപ്പിന്‍െറ നേതൃത്വത്തില്‍ അബൂദബി, ദുബൈ, ഷാര്‍ജ, പശ്ചിമ മേഖല എന്നിവിടങ്ങളില്‍ പരിപാടികള്‍ നടക്കും. 
ദേശീയ പതാകയുടെ ചരിത്രവും അര്‍ഥവും വ്യക്തമാക്കുന്ന പ്രഭാഷണങ്ങളുമുണ്ടാകും.  ദുബൈ ഫെസ്റ്റിവെല്‍ സിറ്റിയിലും യാസ് മാളിലും വിവിധ സാംസ്കാരിക പരിപാടികളും നടക്കും. 
ദുബൈയില്‍ റോഡ്്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ആഭിമുഖ്യത്തിലും വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 
യൂനിയന്‍ മെട്രോ സ്റ്റേഷനില്‍  ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായിര്‍ പതാക ഉയര്‍ത്തും. പതാക ദിനത്തോടനുബന്ധിച്ച് 45 ടാക്സി കാറുകളിലും മൂന്നു ബസുകളിലും ഓരോ അബ്ര,ജല ടാക്സി, ദുബൈ ഫെറി എന്നവയിലും ദേശീയ പതാക നിറമണിയിക്കും. 
ഇതിന് പുറമെ ദേശീയ പതാക ഉചിതമായ രീതിയില്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്ന 20,000 ലഘുലേഖകള്‍ മെട്രോ,ബസ് സ്റ്റേഷനുകളില്‍ നിന്ന് വിതരണം ചെയ്യുമെന്നും ആര്‍.ടി.എ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.