ദുബൈ: ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കുകൾ നിരോധിച്ച യു.എ.ഇ സർക്കാർ നടപടിക്ക് പിന്തുണയുമായി ദുബൈയിലെ ആസ്റ്റർ ഫാർമസിയുടെ റീട്ടെയിൽ ഔട്ട്ലറ്റുകൾ ‘ഗോ ഗ്രീൻ, കാരി ക്ലീൻ’ സംരംഭം ആരംഭിച്ചു.
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പുനരുപയോഗിക്കാവുന്ന പേപ്പർ ബാഗുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 280,000 പുനരുപയോഗിക്കാവുന്ന ബാഗുകൾ സൗജന്യമായി ഉപഭോക്താക്കൾക്ക് വിതരണം ചെയ്തു.
ആസ്റ്റർ ഫാർമസികളിലുടനീളം പേപ്പർ ബാഗുകൾ പുറത്തിറക്കുകയും ഉപഭോക്തൃ പെരുമാറ്റങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്നതിലൂടെ ചെറുകിട മേഖലയിലെ പ്രവർത്തനത്തിന്റെ സാധ്യതകൾ മനസ്സിലാക്കുന്നതായി ആസ്റ്റർ റീട്ടെയിൽ സി.ഇ.ഒ എൻ.എസ്. ബാലസുബ്രഹ്മണ്യൻ പറഞ്ഞു. എല്ലാ സ്റ്റോറുകളും സീറോ പ്ലാസ്റ്റിക്കിലേക്ക് മാറാനുള്ള ദീർഘകാല ശ്രമത്തിന്റെ ഭാഗമാണിത്.
പേപ്പർ ബാഗുകളിലേക്ക് മാറുകയും സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഇന്റീരിയർ സാമഗ്രികൾ ഉപയോഗിക്കുന്നതിലൂടെ എല്ലാ സ്റ്റോറുകളെയും പരിസ്ഥിതി സൗഹൃദ സ്റ്റോറുകളാക്കി മാറ്റാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസ്റ്റർ ഫാർമസിയിലെ 250 സ്റ്റോറുകളിലായി 10 ദശലക്ഷം ആളുകൾ പ്രതിവർഷം എത്തുന്നുവെന്നാണ് കണക്ക്. പ്ലാസ്റ്റിക് മലിനീകരണം കുറക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ പിന്തുടർന്ന് കഴിഞ്ഞ അഞ്ച് വർഷമായി ആസ്റ്റർ ഫാർമസി റീട്ടെയിൽ സ്റ്റോറുകളിൽ സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ അവതരിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ നൽകാനുള്ള ആസ്റ്റർ ഫാർമസിയുടെ ശ്രമങ്ങൾ ഇതോടെ പൂർത്തിയായിരിക്കുകയാണ്. ഫാർമസി ഉപഭോക്താക്കൾ പ്രതിവർഷം 7.4 ദശലക്ഷം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷമായി ഇത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.