ഒന്നര വര്‍ഷത്തെ നിയമ പോരാട്ടത്തിന് വിജയം കണ്ട് ഉണ്ണി മടങ്ങുന്നു

അജ്മാന്‍ : തൊഴിലുടയുമായി ഒന്നര വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ വിജയം കണ്ട് നാട്ടിലേക്ക് മടങ്ങുകയാണ് കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് ഉണ്ണികൃഷ്ണന്‍. നേരത്തെ യു.എ.ഇയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണന്‍ 2013 മാര്‍ച്ചിലാണ് അജ്മാനിലെ പത്തനംതിട്ട സ്വദേശി വിനോദ് നടത്തുന്ന പ്രസ്സില്‍ ജോലിക്കത്തെുന്നത്. ഒരു വര്‍ഷവും എട്ടു മാസത്തോളവുമായി പണിയെടുത്ത ഇദേഹത്തെ ഒരു ദിവസം തൊഴിലുടമ കാരണം കൂടാതെ ഇറക്കിവിടുകയായിരുന്നു. 
ഇതേ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ അജ്മാനിലെ ലേബര്‍ ഓഫീസില്‍ പരാതി നല്‍കി. പരാതി നല്‍കിയ ദിവസം രാത്രി  ഉണ്ണികൃഷ്ണന്‍ ഉപയോഗിച്ച കാര്‍ ആരോ എടുത്തു കൊണ്ടുപോയി. രാവിലെ കാര്‍ കാണാതായപ്പോള്‍ തൊഴിലുടമയെ വിവരം അറിയിച്ചു. എന്നാല്‍ തനിക്കൊന്നുമറിയില്ളെന്ന് പറഞ്ഞ് അയാള്‍ കൈയൊഴിഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് വിളിച്ചു അന്വേഷിച്ചപ്പോള്‍ തൊഴിലുടമ വണ്ടി എടുത്തു കൊണ്ടുപോയതായി പൊലീസിനോട്  സമ്മതിച്ചു. ലേബര്‍ ഓഫീസില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ ശമ്പള കുടിശികയും വിമാന ടിക്കറ്റും നല്‍കാന്‍ തൊഴിലുടമ തയാറായില്ല. തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ കോടതിയെ സമീപിച്ചു. കോടതിയില്‍ നിന്ന് ആദ്യം 4866 ദിര്‍ഹമായിരുന്നു വിധിച്ചത്. ഇതിനെതിരെ കൂടുതല്‍ നഷ്ടപരിഹാരത്തിനായി അപ്പീല്‍ പോയ ഉണ്ണികൃഷ്ണന് ഒന്നര വര്‍ഷത്തിനു ശേഷം വന്ന വിധി അല്പമെങ്കിലും ആശ്വാസകരമായിരുന്നു. 11,000 ദിര്‍ഹവും വിമാനടിക്കറ്റും ഉണ്ണികൃഷ്ണന് തൊഴിലുടമ നല്‍കണമെന്നായിരുന്നു വിധി. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സുരേഷ് ബാബുവിന്‍െറ സഹായത്തിലാണ് അതുവരെ ഉണ്ണികൃഷ്ണന്‍ കഴിഞ്ഞു പോന്നത്. തൊഴിലുടമയുടെ പിടിവാശിയായിരുന്നു കേസ്  ഒന്നര വര്‍ഷത്തോളം നീണ്ടു പോകാന്‍ കാരണമെന്ന് ഇയാള്‍ പറയുന്നു. ഇതിനിടയില്‍ പല അത്യാവശ്യങ്ങളും നാട്ടിലുണ്ടായെങ്കിലും പാസ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ പോകാനായില്ല. പാതി വഴിയില്‍ നിന്നുപോയ വീടുപണി പൂര്‍ത്തിയാക്കണം എന്ന ലക്ഷ്യത്തോട് കൂടിയാണ് അച്ഛനും അമ്മയും നേരത്തേ മരണപ്പെട്ട ഉണ്ണി നാട്ടിലേക്ക് മടങ്ങുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.