ഷാർജ: സ്ത്രീപക്ഷ എഴുത്ത് വിമോചനംതന്നെയെന്ന് നടിയും എഴുത്തുകാരിയും നിർമാതാവുമായ ഹുമ ഖുറേഷി. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘സ്ക്രീനിൽനിന്ന് പേജിലേക്ക്: ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയിൽ ആസ്വാദകരുമായി സംവദിക്കുകയായിരുന്നു അവർ. തന്റെ ആദ്യ നോവലായ ‘സീബ: ഒരു ആക്സിഡന്റൽ സൂപ്പർഹീറോ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സംവാദം നടന്നത്.
സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിന്റെ ഉത്തരവാദിത്തം സംവിധായകന്റെയോ തിരക്കഥാകൃത്തിന്റേയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം തന്നിൽ വിറയലുണ്ടാക്കിയെന്ന് ഹുമ സമ്മതിച്ചു. താൻ ആദ്യം ഒരു ടി.വി ഷോ എന്ന നിലയിലാണ് കഥ അവതരിപ്പിച്ചത്. എന്നാൽ, കഥയിലെ ഫാന്റസി രംഗങ്ങൾ ചിത്രീകരിക്കുന്നതിന് സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു.
എന്നാലും ഒരു സിനിമയായോ പരമ്പരയായോ പുസ്തകം സ്ക്രീനിൽ യാഥാർഥ്യമാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് അവർ വ്യക്തമാക്കി. അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകുന്നത് വെല്ലുവിളിയാണെങ്കിലും സംവിധാനം ആസ്വാദ്യകരമാണ്.
രണ്ടും ചെയ്യുന്ന തന്നെ അംഗീകരിക്കുന്ന അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങും. സിനിമ സെറ്റിലാണ് താൻ ഏറ്റവും സജീവമായി ജീവിക്കുന്നതെന്ന് ഹുമ പറഞ്ഞു. സിനിമ സെറ്റിൽ തന്നെ മരിക്കണമെന്നാണ് ആഗ്രഹമെന്നും അവർ തമാശയായി പറഞ്ഞു. ഗൾഫ് ന്യൂസിലെ എന്റർടൈൻമെന്റ് എഡിറ്റർ മഞ്ജുഷ രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.