ഫുജൈറ-ഒമാന്‍ റോഡ് നിര്‍മാണം തുടങ്ങി

ഷാര്‍ജ: ശൈഖ് ഖലീഫ ഫ്രീവേയില്‍ നിന്ന് ഒമാന്‍ അതിര്‍ത്തി വരെ നീളുന്ന പുതിയ റോഡിന്‍െറ നിര്‍മാണം ആരംഭിച്ചു. മൂന്നു കോടി ദിര്‍ഹം ചെലവില്‍ അടിസ്ഥാന വികസന മന്ത്രാലയമാണ് റോഡ് നിര്‍മിക്കുന്നത്.  
ഫുജൈറ കോര്‍ണീഷ് റോഡ്, അല്‍ ഖത്തം മറൈന്‍ സെന്‍റര്‍ എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ റോഡ് പൂര്‍ത്തിയാക്കുന്നത്. യു.എ.ഇയിലെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന റോഡാണ് ശൈഖ് ഖലീഫ ഫ്രീവേ. നിലവില്‍ ഈ റോഡ് ചെന്ന് മുട്ടുന്നത് ഫുജൈറയിലെ പ്രധാന ഹൈവേയായ ഹമാദ് ബിന്‍ അബ്ദുല്ല റോഡിലാണ്. 
എന്നാല്‍ പുതിയ റോഡ് വരുന്നതോടെ ഒമാനുമായി ബന്ധിപ്പിക്കുന്ന അതിവേഗ പാതയായി ശൈഖ് ഖലീഫ ഫ്രീവേ മാറും. 
നിലവില്‍ കല്‍ബയില്‍ നിന്നുള്ള റോഡാണ് ഒമാനുമായി ബന്ധപ്പെട്ട് കിടക്കുന്നത്. എന്നാല്‍ ഷാര്‍ജ-മലീഹ റോഡിന്‍െറ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ നിരന്തരമായി അപകടങ്ങള്‍ കാരണമാകാറുണ്ട്. ഇതിന് പുറമെ വേഗതയും കുറവാണ്. എന്നാല്‍ പുതിയ റോഡ് വരുന്നതോടെ വളരെ പെട്ടെന്ന് തന്നെ ഒമാനില്‍ എത്താനാകും. അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ റോഡ് ഗതാഗത യോഗ്യമാകുമെന്നാണ് കരുതുന്നത്. 
4.4 കിലോ മീറ്റര്‍ റോഡാണ് പുതിയതായി നിര്‍മിക്കുന്നത്. ഇതിനെ പഴയ റോഡുമായി ബന്ധിപ്പിച്ചാണ് ഒമാന്‍ യാത്രക്ക് എളുപ്പ വഴിയൊരുക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.