ഐ.എസില്‍ ചേര്‍ന്ന നാലു സ്വദേശികള്‍ക്ക്  വധശിക്ഷ; ആറുപേര്‍ക്ക് തടവ്

അബൂദബി: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐ.എസ്) ചേരുകയും സിറിയയില്‍ പോരാട്ടത്തില്‍ ഏര്‍പ്പെടുകയും ചെയ്ത കേസില്‍ നാല് സ്വദേശികള്‍ക്ക് യു.എ.ഇ സുപ്രീംകോടതി വധശിക്ഷ വിധിച്ചു. 
കേസിലുള്‍പ്പെട്ട മറ്റ് ആറ് പ്രതികള്‍ക്ക് മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവു ശിക്ഷ വിധിച്ചപ്പോള്‍ ഒരു സ്വദേശിയെ കുറ്റവിമുക്തനാക്കി. യമനിലെ ഹൂതി വിമതര്‍ക്ക് സഹായം നല്‍കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ മൂന്ന് പ്രതികള്‍ക്ക് പത്ത് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. ജഡ്ജി മുഹമ്മദ് ജര്‍റ അല്‍ തുനൈജിയാണ് വിധി പ്രഖ്യാപിച്ചത്. 
അബ്ദുല്‍ അസീസ് സഊദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ നജ്ജാര്‍ (25), മുആസ് അബ്ദുറഹ്മാന്‍ ഇബ്രാഹിം അല്‍ ഹാരിതി (22), സഊദ് അബ്ദുല്‍ അസീസ് അവാദ് അല്‍ മിന്‍ഹാലി (18), അഹ്മദ് അലി സെയ്ഫ് അല്‍ നഖ്ബി (29) എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. 
ഇവരുടെ അസാന്നിധ്യത്തിലാണ് വിചാരണയും വിധി പ്രഖ്യാപനവും നടന്നത്. യു.എ.ഇ നിയമം അനുസരിച്ച് അസാന്നിധ്യത്തില്‍ വിചാരണ നടത്തി ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് കോടതി മുമ്പാകെ ഹാജരായാല്‍ പുനര്‍ വിചാരണക്ക് അവസരം ലഭിക്കും. 
ഐ.എസ്. ബന്ധത്തിന്‍െറ പേരിലുള്ള കേസില്‍ സ്വദേശിയായ അബ്ദുറഹ്മാന്‍ ഹസന്‍ അല്‍ മന്‍സൂരി (22), മൗറിത്താനിയക്കാരനായ ഉമര്‍ സലീം ഉമര്‍ (22), സിറിയന്‍ പൗരന്‍ മുആവിയ അലി അല്‍ അഹ്മദ് (34) എന്നിവര്‍ക്ക് പത്ത് വര്‍ഷം തടവും ശിക്ഷ വിധിച്ചു. ഇമാറാത്തിയായ ഫാരിസ് മുഹമ്മദ് സാലിം അല്‍ കത്ബി (18), ബഹ്റൈനിയായ അബ്ദുല്ല അബ്ദുല്‍ റസൂല്‍ അല്‍ അലി എന്നിവര്‍ക്ക് അഞ്ച് വര്‍ഷം തടവും മറ്റൊരു യു.എ.ഇ സ്വദേശിക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. 22കാരനായ അഹ്മദ് അലി സാലിം അല്‍ സൈയരി എന്ന യു.എ.ഇ സ്വദേശിയെയാണ് സുപ്രീംകോടതി കുറ്റമുക്തനാക്കിയത്.  
നാല് പ്രതികള്‍ക്ക് സിറിയയിലേക്ക് കടക്കുന്നതിനും ഐ.എസിന് ഫണ്ട് ലഭ്യമാക്കുന്നതിനും സഹായം നല്‍കിയെന്നതാണ് അബ്ദുറഹ്മാന്‍ ഹസന്‍ അല്‍ മന്‍സൂരിക്കെതിരായ കുറ്റം. അതിര്‍ത്തി കടക്കുന്നതിനും മസ്കത്ത്, തുര്‍ക്കി വഴി സിറിയയിലത്തെുന്നതിനും പ്രതികളെ ഇയാള്‍ സഹായിച്ചതായും വ്യക്തമായിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് വഴി ഐ.എസിനെ കുറിച്ച വിവരങ്ങള്‍ പങ്കുവെക്കുകയും യു.എ.ഇ നേതൃത്വത്തെ അപമാനിക്കുകയും ചെയ്തിരുന്നു.  
സിറിയയിലുള്ള ഐ.എസ് അംഗമായ അബൂ ദുജാനക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റമാണ് ഉമറിനെതിരെ തെളിഞ്ഞത്. ഐ.എസ്, അല്‍ നുസ്റ ഫ്രണ്ട് എന്നിവയുടെ ആശയങ്ങള്‍ പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഉമറില്‍ നിന്ന് 4000 ദിര്‍ഹം അബൂ ദുജാനക്ക് കൈമാറിയെന്ന കുറ്റമാണ് മുആവിയ അലിക്കെതിരെ തെളിഞ്ഞത്.  
മറ്റൊരു കേസില്‍ ഹൂതി വിമതര്‍ക്ക് രാസപദാര്‍ഥങ്ങളും വാര്‍ത്താവിനിമയ ഉപകരണങ്ങളും നല്‍കിയതിന് രണ്ട് യമനികളെയും ഒരു ഒമാനിയെയുമാണ് പത്ത് വര്‍ഷം തടവിന് വിധിച്ചത്. 
ഹൂതി വിമതര്‍ക്ക് സാമ്പത്തിക സഹായവും നല്‍കിയിരുന്നു. യമനികളായ അബ്ദുല്‍ മാലിക് അഹ്മദ് അല്‍ മഖ്നാഖി (40), അബ്ദുല്ല മുഹമ്മദ് അത്തിയ്യ (41), ഒമാനിയായ ഗുലാം അബ്ദുല്ല അല്‍ ബലൂഷി (49) എന്നിവരെയാണ് തടവിന് ശിക്ഷിച്ചത്. 
അല്‍ ബലൂഷിക്ക് പത്ത് ലക്ഷം ദിര്‍ഹം പിഴയും തടവിന് ശേഷം നാടുകടത്തലും ശിക്ഷയായി വിധിച്ചിട്ടുണ്ട്.  കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ് മൂന്ന് യമനികളെ കോടതി കുറ്റവിമുക്തരാക്കി. 
സലാഹ് സാലിം മുഹമ്മദ് മഹ്ജൂബ്, ഫാദില്‍ അഹ്മദ് അല്‍ ജാരിദി, അബ്ദുറഹ്മാന്‍ അഹ്മദ് മുഹമ്മദ് അല്‍ സയ്യാദ് എന്നിവരെയാണ് വെറുതെവിട്ടത്.  യു.എ.ഇയും ഈജിപ്തും സൗദി അറേബ്യയും നിരോധിച്ച മുസ്ലിം ബ്രദര്‍ഹുഡിനെ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതിനും യു.എ.ഇയെയും നേതാക്കളെയും അപമാനിച്ചതിനും പ്രതിയായ യു.എ.ഇ സ്വദേശിക്കെതിരായ കേസ് കോടതി ഫെബ്രുവരി 28ലേക്ക് മാറ്റി. യു.എ.ഇയില്‍ തടവുകാരെ പീഡിപ്പിക്കുന്നതായി ഇയാള്‍ നുണപ്രചാരണം നടത്തിയെന്ന കുറ്റവും പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുണ്ട്. തനിക്കെതിരായ കുറ്റങ്ങള്‍ ഇയാള്‍ നിഷേധിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.