അബൂദബിയിലുടനീളം കണ്ടൽക്കാടുകൾ വളർത്തുന്നതിനുള്ള ദൗത്യത്തിൽ ഉപയോഗിക്കുന്നത് തടികളും പുനരുപയോഗ വസ്തുക്കളും ഉപയോഗിച്ചു വികസിപ്പിച്ച ഡ്രോണുകൾ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതികവിദ്യാ സ്ഥാപനമായ ഡിസ്റ്റന്റ് ഇമേജറിയാണ് ഇതുപയോഗപ്പെടുത്തുന്നത്. ഡ്രോണുകൾ പറത്തി കണ്ടൽമരങ്ങളുടെ വിത്തുകൾ വിതറുകയാണ് ചെയ്തുവരുന്നത്.
അബൂദബി പരിസ്ഥിതി ഏജൻസിയുടെ പിന്തുണയോടെ അഡ്നോക്, എൻജീ, മുബാദല എനർജി എന്നിവയുടെ സഹകരണത്തോടെ ഇൻസ്റ്റന്റ് ഇമേജറി കഴിഞ്ഞ വർഷങ്ങളിലായി കണ്ടൽക്കാട് വ്യാപനം നടത്തിവരികയാണ്. തങ്ങൾ തന്നെയാണ് ഡ്രോണുകളുടെ രൂപകൽപനയും നിർമാണവുമെന്നും സുസ്ഥിരതാ കാരണങ്ങൾ കൊണ്ടാണ് ഇവ തടികൾ കൊണ്ട് നിർമിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
2,000 വിത്തുകൾ പാകിയാണ് പ്രവർത്തനം തുടങ്ങിയത്. 2023ഓടെ പാകിയ കണ്ടൽവിത്തുകളുടെ എണ്ണം 35 ലക്ഷമായി ഉയർന്നു. കുറഞ്ഞ പാരിസ്ഥിതിക പ്രത്യാഘാതം മാത്രമുള്ള ഡ്രോണുകൾ ഉപയോഗിച്ച് വൻതോതിൽ വിത്തുകൾ പാകാൻ കഴിയും. മിർഫ തീരം, അൽ നൂഫ്, റുവൈസ്, മിർഫ, അൽ ഹമീം തുടങ്ങിയ ഇടങ്ങളിലാണ് അബൂദബിയിൽ ഡിസ്റ്റന്റ് ഇമേജറി കണ്ടൽ വിത്തുകൾ പാകിവരുന്നത്.
മരങ്ങളിൽ നിന്ന് വിത്തുകൾ ശേഖരിച്ച ശേഷം ഇവ ഡ്രോണിന്റെ ടാങ്കിൽ ശേഖരിക്കുകയും മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ പറക്കുന്നതിനിടെ വിത്തുകൾ ഓരോന്നായി ആകാശത്ത് നിന്ന് താഴേക്കിടുകയും ചെയ്യുന്നതാണ് രീതി. അതിവേഗം താഴേക്കു വീഴുന്ന വിത്തുകൾ മണ്ണിൽ തറയുകയും ഇവിടെ കിടന്ന് വളരുകയും ചെയ്യുന്നതോടെ കണ്ടൽക്കാട് വ്യാപന ലക്ഷ്യം പൂർത്തിയാവുകയും ചെയ്യുന്നു. നിലവിൽ ആറു ഡ്രോണുകളാണ് പദ്ധതിയുടെ ഭാഗമായി പറത്തുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 2020 മുതൽ 4.40 കോടിയിൽ അധികം കണ്ടൽമരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. നഗര-വികസന വകുപ്പ്, അഡ്നോക് എന്നിവയുമായി സഹകരിച്ച് അബൂദബി പരിസ്ഥിതി ഏജൻസി രണ്ടുവർഷം കൊണ്ട് 2.3 കോടി കണ്ടൽമരങ്ങളാണ് വച്ചുപിടിപ്പിച്ചത്. 2030ഓടെ 10 കോടി കണ്ടൽമരങ്ങൾ വച്ചുപിടിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് അബൂദബി കണ്ടൽക്കാട് പദ്ധതിയുടെ ഭാഗമായി 9,200 ഹെക്ടർ ഭൂമിയിൽ രണ്ടു വർഷം കൊണ്ട് പരിസ്ഥിതി ഏജൻസിയും ഇത്രയും കണ്ടൽമരങ്ങൾ െവച്ചുപിടിപ്പിച്ചത്.
കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രക്രിയയുടെ വ്യാപ്തി വിപുലീകരിക്കാനും വേഗത്തിലാക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ അവയുടെ സുപ്രധാനവും ഫലപ്രദവുമായ പങ്ക് വർധിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് സർക്കാരിന്റെ പദ്ധതി. കണ്ടൽമരങ്ങൾ പ്രതിവർഷം 2,33,000 ടൺ കാർബൺ സംഭരിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. 25,000ത്തിലധികം വീടുകളിലെ ഊർജ ഉപഭോഗത്തിനു തുല്യമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.