പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി യന്ത്രവാഹനങ്ങൾ പാടെ വിലക്കിയ രാജ്യത്തെ ആദ്യ സ്ഥലമേത്? മുമ്പ് ഒരു പ്രശ്നോത്തരി മത്സരത്തിലാണ് ആദ്യം ഈ ചോദ്യം കേട്ടത്. സകല ഓണംകേറാമൂലകളിലും യന്ത്രവണ്ടികളെത്തി ഇരമ്പിപ്പായുന്ന ഇക്കാലത്ത് ഇങ്ങനെയൊരു സ്ഥലമോ എന്ന കൗതുകമാണ് അന്നുണ്ടായത്. എന്നാല്‍, അതൊന്നറിഞ്ഞിട്ടുതന്നെ കാര്യമെന്നായി ചിന്ത. പിന്നീട് ഉത്തരം തിരഞ്ഞുള്ള അന്വേഷണമാണ് മതേരനില്‍ എത്താൻ കാരണമായത്.
മുംബൈയില്‍ പലവട്ടം കറങ്ങിപ്പോന്നിട്ടും മതേരനെക്കുറിച്ച് ആരും അന്ന് ചോദിച്ചതും പറഞ്ഞതുമില്ല. ഡെക്കാന്‍ മണ്ണിലേക്ക് ഇനിയുള്ള പോക്ക് എന്നായാലും എവിടേക്കായാലും മടക്കം മതേരന്‍ കണ്ടു മതി എന്ന് അന്നേ നിശ്ചയിച്ചതാണ്. അങ്ങനെയാണ് ഈ മറാത്താസഞ്ചാരത്തിൽ കാണാനേറെ കൊതിവെച്ച കേന്ദ്രത്തിലേക്ക് ഞങ്ങൾ ആറ് സുഹൃത്തുക്കള്‍ വെച്ചുപിടിച്ചത്.
ഔറംഗാബാദ് ചുറ്റിക്കഴിഞ്ഞ് മുംബൈയിലെത്തിയതാണ് ഞങ്ങള്‍. അവിടെനിന്നാണ് മതേരന്‍ എന്ന മലമ്പ്രദേശത്തേക്കുള്ള യാത്ര. വേറിട്ട പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആ മറാത്തക്കുന്നിലേക്ക് മുംബൈയില്‍നിന്ന് 100 കിലോമീറ്റര്‍ ദൂരമുണ്ട്.
അഞ്ചു മണിക്കുതന്നെ എഴുന്നേറ്റ് തയാറായി. നെരാലാണ് മതേരൻ ഹിൽസ്റ്റേഷന് ഏറ്റവുമടുത്തുള്ള തീവണ്ടിയാപ്പീസ്. 6.30ന് ഛത്രപതി ശിവജി സ്റ്റേഷനില്‍നിന്ന് നേരെ നെരാലിലേക്കുള്ള സബർബൻ വണ്ടിയുണ്ട്. രണ്ടുമണിക്കൂർ യാത്ര. തീവണ്ടിയിറങ്ങിക്കഴിഞ്ഞായിരുന്നു പ്രാതല്‍. മതേരൻ ടൗൺഷിപ്പുവരെയുള്ള ചുരം കയറാൻ രണ്ട് മാർഗങ്ങളുണ്ട്. ഒന്ന് ഇടുങ്ങിയ പാളത്തിലോടുന്ന കുഞ്ഞിത്തീവണ്ടിയാണ്. ആളൊന്നിന് നൂറുരൂപ വെച്ച് അവിടെയെത്തിക്കുന്ന കാറുകളാണ് രണ്ടാം മാർഗം. തീവണ്ടി അങ്ങെത്താൻ തന്നെ രണ്ടര മണിക്കൂറെടുക്കും. കാണാനുള്ള സമയലാഭംെവച്ച് ‘പോക്ക് കാറിലാക്കിക്കോളൂ; വരവ് മതി ട്രെയിനിൽ’ എന്ന് നിർദേശിച്ചത് ഹോട്ടലുടമയാണ്.
കാട് വകഞ്ഞുള്ള ചുരം കയറി വേണം മതേരൻ കുട്ടിപ്പട്ടണത്തിന്റെ പ്രവേശന കവാടത്തിലെത്താൻ. അവിടെനിന്ന് വിവിധ വ്യൂ പോയന്റുകളിലേക്ക് നടന്നോ കുതിരപ്പുറത്തോ പോകാം. ആൾ വലിക്കുന്ന റിക്ഷകളിലുമാകാം പോക്ക്. കുതിരസവാരിക്ക് നല്ല തുക വാങ്ങുന്നുണ്ട്. എഴുതിയിട്ട റേറ്റിൽ ഒരു രൂപ കുറക്കുന്നില്ല. കശ്മീർ പഹൽഗാമിലെപ്പോലെ വിലപേശലൊന്നും ഏൽക്കുന്നില്ല. അതിനാൽ പനോരമ വ്യൂ പോയന്റിലേക്ക് കാൽവണ്ടി തന്നെയാക്കി.
സഹ്യാദ്രി പർവതശിഖരങ്ങളുടെ 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സ്ഥലം എന്ന നിലയിലാണ് പനോരമ പോയന്റ് എന്ന പേര് വന്നത്. മതേരന്റെ വടക്കേയറ്റത്താണ് മനോഹരമായ ദൃശ്യപ്പൊലിമയുള്ള ഈ മുനമ്പ്. പേരിനൊത്ത സ്ഥലംതന്നെയാണ് അത്. മാനത്തെ വട്ടമിട്ടുമ്മവെച്ച മലമടക്കുകളും പച്ചയണിഞ്ഞ താഴ്വാരങ്ങളും. അകലങ്ങളിൽ നീലജലാശയങ്ങൾ. ചരിഞ്ഞ മലഞ്ചെരിവിലൂടെ ഇഴഞ്ഞുകയറിവരുന്ന ബഹുവർണത്തീവണ്ടി. മലയറ്റത്തുള്ളത് മതിവരാത്ത രസക്കാഴ്ചകൾ!
2400 അടി ഉയരത്തിലാണ് മതേരനിലെ കാഴ്ചക്കുന്നുകളെല്ലാം. മങ്കി പോയന്റ്, എക്കോ പോയന്റ്, ഹാർട്ട് പോയന്റ്, പൈൻപോർക്ക് പോയന്റ്, മാൽദുംഗ പോയന്റ് തുടങ്ങി ഒരു ഡസൻ കാഴ്ചമുനമ്പുകൾ മതേരൻ എന്ന ചെറുപട്ടണത്തിന്റെ പല കോണുകളിലായുണ്ട്. ഇതെല്ലാം കണ്ടുതീർക്കാൻ ചുരുങ്ങിയത് രണ്ടു പകൽ വേണം.
മോട്ടോര്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കാനേ അനുമതിയില്ലാത്ത പ്രദേശമാണിത്. ഇന്ധനപ്പുക കൊണ്ടുള്ള മലിനീകരണം പൂര്‍ണമായി തടയാനാണ് ഈ നിയന്ത്രണം. ഗ്യാസ് കുറ്റി മുതൽ സിമന്റു ചാക്കുകൾ വരെ കുതിരപ്പുറത്തു കെട്ടിവെച്ചാണ് ടൗണിലെത്തിക്കുന്നത്. ആളുകള്‍ കാല്‍നടയായോ കുതിരപ്പുറത്തോ ആയി വന്നെത്തണം. അടിയന്തര ഘട്ടത്തിൽ മാത്രം ആംബുലൻസും ഫയർ എൻജിനും ഇങ്ങോട്ടെത്തിക്കാൻ അനുമതിയുള്ള കാര്യം വഴിമധ്യേ സംസാരിച്ച പൊലീസ് ഓഫിസർ സൂചിപ്പിച്ചു. കുതിരച്ചാണകം മണക്കുന്ന വഴികളിലൂടെ ദൃശ്യപ്പുതുമകൾ കണ്ടാസ്വദിച്ച് ഞങ്ങൾ നടന്നു.
മതേരൻ ടൗൺ നിവാസികളാകെ 5000 പേരാണ്. ഹോം സ്റ്റേകൾ, ഹോട്ടലുകൾ, കരകൗശല വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ കുറച്ചുണ്ട് റെയിൽവേ സ്റ്റേഷൻ പരിസരത്ത്. നാട്ടുകാരെല്ലാം വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു തൊഴിലിൽ ഏർപ്പെടുന്നവരാണ്.
ഉച്ചതിരിഞ്ഞ് 2.45നുള്ള കുഞ്ഞിത്തീവണ്ടിയിൽ ഞങ്ങൾ മലയിറങ്ങി. സവിശേഷമായ അനുഭവമാണ് ഒച്ചുവേഗത്തിൽ വളഞ്ഞുപുളഞ്ഞുള്ള ആ മലയിറക്കം. നെരാൽ എത്തുന്നതിനിടെ മൂന്നു ഇട സ്റ്റേഷനുകളുണ്ട് ഈ റൂട്ടിൽ. ഒരിടത്തിറങ്ങി ചായകുടിക്കാനും സമയം തരും. ഇടക്ക് െട്രയിനിനു നൂണ്ടുകടക്കാൻ ഒരു ചെറുതുരങ്കമുണ്ട്.
കുറഞ്ഞനേരം ഇരുട്ടുകയറുന്ന ആ തുരങ്കത്തിനിട്ട പേരിൽതന്നെയുണ്ട് ഒരു കുസൃതി ‘വൺടൈം കിസ്’. പ്രകൃതിയുടെ നിറക്കാഴ്ചകളിലൂടെയുള്ള ആ സഞ്ചാരം രണ്ടര മണിക്കൂർ പിന്നിട്ട് നെരാലിൽ സമാപിക്കുമ്പോൾ പുതിയ ഉന്മേഷവും പ്രസരിപ്പും ആവോളം നിറഞ്ഞ നിലയിലായിരുന്നു മനസ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.