അബൂദബി: കാല്‍ചക്ര വണ്ടികളുടെ (ഹോവര്‍ബോര്‍ഡ്) അപകടങ്ങള്‍ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അബൂദബിയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നു. അബൂദബി ക്വാളിറ്റി ആന്‍റ് കണ്‍ഫോമിറ്റി കൗണ്‍സില്‍ (ക്യു.സി.സി) നേതൃത്വത്തിലാണ് നടപടികള്‍ കൈക്കൊള്ളുന്നത്.
ഇതിന്‍െറ ഭാഗമായി ക്യു.സി.സി നേതൃത്വത്തില്‍ വിപണിയില്‍ നിന്ന് കാല്‍ ചക്ര വണ്ടികള്‍ ശേഖരിക്കുകയും ലബോറട്ടറികളില്‍ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. സുരക്ഷാ നിലവാരം ഉറപ്പുവരുത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ചില സ്ഥാപനങ്ങളുടെ കാല്‍ ചക്ര വണ്ടികളുടെ വില്‍പനക്ക് താല്‍ക്കാലിക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിതരണക്കാര്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണിത്.
മുന്‍കരുതലിന്‍െറ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷിത ഉപയോഗം സംബന്ധിച്ച് വ്യക്തത ലഭിച്ചതിനെ തുടര്‍ന്ന് നിരവധി ഇനം കാല്‍ചക്ര വണ്ടികള്‍ വില്‍പന നടത്താന്‍ വിതരണക്കാര്‍ക്ക് ക്യു.സി.സി അനുമതി നല്‍കിയിട്ടുമുണ്ട്. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഇടയില്‍ അടുത്തിടെ കാല്‍ചക്ര വണ്ടികള്‍ക്ക് വന്‍ പ്രചാരം ലഭിച്ചിട്ടുള്ളതായും ഇവയില്‍ ചിലത് സുരക്ഷാ നിലവാരം പാലിക്കാത്തതിനാല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നതായുമുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചതെന്ന് ക്യു.സി.സി മാര്‍ക്കറ്റിങ് ആന്‍റ് കമ്യൂണിക്കേഷന്‍സ് ആക്ടിങ് ഡയറക്ടര്‍ മുഹമ്മദ് ഹിലാല്‍ അല്‍ ബലൂഷി പറഞ്ഞു. സമീപ കാലത്ത് ഇവ ഉപയോഗിക്കുന്നത് മൂലമുള്ള അപകടങ്ങളിലും പരിക്കുകളിലും വര്‍ധനയുണ്ടായിട്ടുണ്ട്. സുരക്ഷാ നിലവാരം ഉറപ്പുവരുത്തുന്ന കാല്‍ചക്ര വണ്ടികള്‍ മാത്രമേ അബൂദബിയില്‍ വില്‍പന നടത്താന്‍ അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ പൊതു സ്ഥലങ്ങളില്‍ കാല്‍ചക്ര വണ്ടികള്‍ ഉപയോഗിക്കുന്നത് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.