നിര്‍മാണ തൊഴിലാളിയുടെ മരണം: കുടുംബത്തിന് നാലു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

അബൂദബി: ജോലിക്കിടെ കോണ്‍ക്രീറ്റ് കട്ടകള്‍ തലയില്‍ വീണ് മരിച്ച ഏഷ്യക്കാരന്‍െറ കുടുംബത്തിന് നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധി. തൊഴിലാളിയുടെ മരണത്തിന് രണ്ട് ലക്ഷം ദിര്‍ഹവും കുടുംബത്തിനുണ്ടായ നഷ്ടത്തിന് രണ്ട് ലക്ഷം ദിര്‍ഹവും നിര്‍മാണ കമ്പനിയും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് നല്‍കണമെന്ന നേരത്തെയുള്ള അപ്പീല്‍ കോടതി വിധി ശരിവെച്ചാണ് അബൂദബി പരമോന്നത കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളിയുടെ തലയിലേക്ക് മുകളിലെ നിലയില്‍നിന്ന് കോണ്‍കീറ്റ് കട്ടകള്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് കോടതിരേഖകളില്‍ പറയുന്നു. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കുന്നതില്‍ നിര്‍മാണ കമ്പനി വീഴ്ച വരുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കമ്പനിയുടെ അനാസ്ഥയാണ് തൊഴിലാളിയുടെ മരണത്തിന് ഇടയാക്കിയതെന്ന് അബൂദബി ക്രിമിനല്‍ കോടതി കണ്ടത്തെി കമ്പനിക്ക് രണ്ട് ലക്ഷം ദിര്‍ഹം പിഴ വിധിച്ചിരുന്നു. പിന്നീട് തൊഴിലാളിയുടെ കുടുംബം നിര്‍മാണ കമ്പനിക്കും അവരുടെ ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ പത്ത് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരമാവശ്യപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു മരിച്ച തൊഴിലാളിയെന്നും മാതാപിതാക്കള്‍ക്ക് പുറമെ ഭാര്യയും നാല് കുട്ടികളും ഇയാള്‍ക്കുണ്ടെന്നും ഇവര്‍ക്കുണ്ടായ നഷ്ടം വളരെ വലുതാണെന്നും കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്ന് അബൂദബി സിവില്‍ കോടതി നിര്‍മാണ കമ്പനിയും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് നാല് ലക്ഷം ദിര്‍ഹം കുടുംബത്തിന് നല്‍കണമെന്ന് വിധിച്ചു. ഇതിനെതിരെ കമ്പനി അപ്പീല്‍ കോടതിയില്‍ പോയെങ്കിലും വിിധിയില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് പരമോന്നത കോടതിയെ സമീപിച്ചു. എന്നാല്‍, പരമോന്നത കോടതി അപ്പീല്‍ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.