റാശിദ് ബിന്‍ മുഹമ്മദ് റമദാന്‍ പരിപാടികള്‍ക്ക് തുടക്കം

ദുബൈ: ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂമിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ ദുബൈ മതകാര്യവകുപ്പ് നടത്തുന്ന ഒരു മാസം നീളുന്ന റമദാന്‍ പരിപാടികള്‍ക്ക് റാശിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാതറിങ് എന്ന പേരില്‍ അല്‍ഖവാനീജില്‍ തുടക്കമായി. 
റമദാനില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ദുബൈ മതകാര്യ വകുപ്പ് ഡയറക്ടര്‍ ഡോ: ഹമദ് അശൈബാനി പറഞ്ഞു.
പവിത്രമായ ഇസ്ലാമിക സംസ്കാരം സംരക്ഷിക്കുക, പരമ്പരാഗത സംസ്കാരങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കുക, ഇസ്ലാമിന്‍്റെ വിശാലമായ കാഴ്ചപാടും വിട്ടുവീഴ്ചാ സ്വഭാവവും മറ്റുള്ളര്‍ക്ക് എത്തിച്ചുകൊടുക്കുക, പഠനാര്‍ഹമായ ക്ളാസുകളും പ്രസംഗങ്ങളും അവതരിപ്പിക്കുക. വായനാ സംസ്കാരം പുതുതലമുറയില്‍ വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പരിപാടിക്കുള്ളത്. അല്‍ഖവാനീജില്‍ പ്രത്യേകം സജ്ജമാക്കിയ 15,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തമ്പില്‍ വിവിധ ലോക ഭാഷകളില്‍ ലോകപ്രശസ്ത പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളാണ് പരിപാടിയിലെ മുഖ്യആകര്‍ഷണീയം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച തമ്പില്‍ എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  230 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. 
ശൈഖ് അബ്ദുല്ലത്തീഫ് ആലുശൈഖ്, ശൈഖ് സ്വാലിഹ് അല്‍ മഗാംസി, ശൈഖ് സുലൈമാന്‍ അല്‍റുഹൈലി, ശൈഖ് ഉസ്മാന്‍ അല്‍ഖമീസ്, ശൈഖ് ഫൈസല്‍ അല്‍ഹാഷിമി, ശൈഖ് ഖാലിദ് അല്‍ഗുഫൈലി, ശൈഖ് വസീംയൂസുഫ്, ശൈഖ് ഖാലിദ് ഇസ്മാഈല്‍, ശൈഖ് അബ്ദുല്ലാ അല്‍കമാലി തുടങ്ങിയ അറബ് ഇസ്ലാമീക ലോകത്തെപണ്ഡിതന്മാരും ശൈഖ് മുഫ്തി ഇസ്മാഈല്‍ മെങ്ക്, ശൈഖ് സഫറുല്‍ ഹസന്‍ മദനി, ശൈഖ് തൗഫീഖ് ചൗധരി, അഹ്മദ് ഹാമിദ്, ശൈഖ് അര്‍ഷദ് മദനി, തുടങ്ങിയ പണ്ഡിതന്മാരും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും.
റമദാന്‍ പരിപാടികളുടെ ഭാഗമായി ഹോറല്‍അന്‍സ് ഇഫ്താര്‍ ടെന്‍റിലും ശ്രദ്ധേയമായ പ്രസംഗങ്ങള്‍ ശ്രവിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശൈഖ് ഖാരി സുഹൈബ്, അര്‍ഷദ് മദനി എന്നിവര്‍ ഉറുദു ഭാഷയിലും ശൈഖ് മുഫ്തി ഉമര്‍ ശരീഫ്, ശൈഖ് മുബാറക് മദനി എന്നിവര്‍ തമിഴിലും എം.എം. അക്ബര്‍, ചുഴലി അബ്ദുല്ല മൗലവി എന്നിവര്‍ മലയാളത്തിലും വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. 
മറ്റ് സ്ഥലങ്ങളിലുള്ള തമ്പുകളിലും ഈ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ഉണ്ടായിരിക്കും. റാഷിദിയയിലുള്ള വലിയ പള്ളിയാണ് റമദാന്‍ പരിപാടികളുടെ മൂന്നാമത്തെ വേദി. ശൈഖ് സഫറുല്‍ ഹസന്‍ മദനി, ശൈഖ് മുഫ്തി ഉമര്‍ ശെരീഫ്, ചുഴലി അബ്ദുല്ല മൗലവി, ശൈഖ് തൗഫീഖ് ചൗധരി എന്നീ പണ്ഡിതന്മാര്‍ ഇംഗ്ളീഷ് ,ഉറുദു,മലയാളം, തമിഴ് ഭാഷകളില്‍ പ്രസംഗിക്കും. റമദാനില്‍  ദുബൈയില്‍ 600ഓളം പള്ളികളില്‍ അസര്‍ നമസ്കാര ശേഷം മതപ്രഭാഷണങ്ങള്‍ നടക്കുന്നതായി ഡോ. ശൈബാനി പത്രക്കുറിപ്പില്‍ വിശദീകരിച്ചു. തെരഞ്ഞെടുത്ത വിഷയങ്ങളിലുള്ള പ്രത്യേക പ്രസംഗ പരിപാടികള്‍ മതകാര്യ വകുപ്പിന് കീഴിലും ഗൈഡന്‍സ് വകുപ്പിന്‍െറകീഴിലും  ദുബൈയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. വിദേശികള്‍ക്ക് വേണ്ടി പ്രത്യേകം പരിപാടികളും ഇതില്‍പ്പെടുന്ന. അതോടൊപ്പം തന്നെ പ്രിന്‍സസ് ഹയാ ബിന്‍ത് അല്‍ഹുസൈന്‍ നേതൃത്വതം നല്‍കുന്ന സംസ്കാരിക സെന്‍ററും പ്രത്യേകം റമദാന്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ശൈഖ് റാശിദ് ബിന്‍ മുഹമ്മദ് റമദാന്‍ ഗാതറിംഗ് സംഘാടക സമിതി അധ്യക്ഷയായ മുനാ ബല്‍ഹസാ, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂം ഈ മേഖലയില്‍ ചെയ്തുകൊണ്ടിരിക്കുന്ന നിസ്സീമമായ സഹായ സഹകരണങ്ങളെ പ്രത്യേകം അനുസ്മരിച്ചു. സമാ ദുബൈ, നൂര്‍ ദുബൈ ടെലിവിഷന്‍ ചാനലുകളില്‍ 30 എപിസോഡുകളുള്ള പ്രത്യേക റമദാന്‍  പരിപാടി  അവതരിപ്പിക്കുന്നുണ്ട്. 
നൂര്‍ ദുബൈ, അബൂദബി ഖുര്‍ആന്‍ പ്രക്ഷേപണ നിലയം എന്നിവയിലും പ്രത്യേകം പരിപാടികളുണ്ട്. സാധ്യമായ എല്ലാ വാര്‍ത്താമാധ്യമങ്ങളെയും മറ്റു സൗകര്യങ്ങളെയും പരിപാടിയുടെ വിജയത്തിനായി ഉപയോഗിക്കുമെന്നും മുനാ ബല്‍ഹസാ പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.