ദുബൈ: മാധ്യമസ്ഥാപനങ്ങൾക്കും പ്രഫഷനലുകൾക്കും ഡ്രോൺ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കാനുള്ള അനുമതി നൽകുന്നതിന് ദുബൈ മീഡിയ കൗൺസിലും (ഡി.എം.സി) ദുബൈ വ്യോമയാന അതോറിറ്റിയും തമ്മിൽ ധാരണയിലെത്തി.
ദുബൈയുടെ രണ്ടാം ഉപ ഭരണാധികാരിയും ദുബൈ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ സാന്നിധ്യത്തിൽ ദുബൈ വ്യോമയാന അതോറിറ്റി (ഡി.സി.എ.എ) ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലംഗാവിയും ദുബൈ മീഡിയ കൗൺസിൽ വൈസ് ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ മോന ഖാനം അൽ മർറിയുമാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
‘ദുബൈ ഫ്രം ദ സ്കൈ’ സംരംഭത്തിന്റെ ഭാഗമായാണ് പരസ്പര സഹകരണ കരാർ. ദുബൈയിൽ ഡ്രോൺ അധിഷ്ഠിത മീഡിയ ചിത്രീകരണ പ്രവർത്തനങ്ങൾ സുഗമമാക്കുകയും അനുബന്ധ പ്രക്രിയകൾ ലളിതമാക്കുന്നതിന് ആവശ്യമായ പെർമിറ്റുകൾ അനുവദിക്കുന്നത് വേഗത്തിലാക്കുകയുമാണ് ലക്ഷ്യം. ഇതിനായി ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവർത്തിക്കും.
ഡ്രോൺ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് നടപടികൾ ലഘൂകരിക്കുന്നതിലൂടെ ദുബൈയുടെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനൊപ്പം മീഡിയ ഫോട്ടോഗ്രഫിയിൽ മികവ് കൈവരിക്കാനും സാധിക്കും. കൂടാതെ സുരക്ഷിതമായ ഡ്രോൺ ഉപയോഗത്തിനായി മാധ്യമ പ്രവർത്തകർക്ക് ദുബൈ വ്യോമയാന അതോറിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം നൽകും.
വ്യോമ അതിർത്തിയിൽ ഇടപെടാതെ സുരക്ഷിതമായി ഡ്രോൺ ഉപയോഗിക്കാനുള്ള സാങ്കേതികത, സുരക്ഷ എന്നിവയിൽ ഊന്നിയായിരിക്കും പരിശീലനം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി ദുബൈ മീഡിയ കൗൺസിൽ ഡ്രോൺ ലൈസൻസ് അനുവദിക്കും.
അതോടൊപ്പം ഡ്രോൺ ഉപയോഗിക്കാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിന് ഇരു സ്ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കും. മാധ്യമ പ്രവർത്തകരെ ശാക്തീകരിക്കേണ്ടതിന്റെയും ഉയർന്ന നിലവാരമുള്ള ഉള്ളടക്കം നിർമിക്കുന്നതിന് അവരെ പിന്തുണക്കേണ്ടതിന്റെയും പ്രാധാന്യം ഡി.എം.സി വൈസ് ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ മോന ഖാനം അൽ മർറി എടുത്തുപറഞ്ഞു.
സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിർണായകമാണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്ക് വളർച്ച കൈവരിക്കാൻ ആവശ്യമായ ഉപകരണങ്ങളും പിന്തുണയും നൽകാൻ കൗൺസിൽ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.