റമദാന്‍ പൊതുമാപ്പ്: അബൂദബി  ജയിലിലെ 69 ഇന്ത്യക്കാര്‍ക്ക് മോചനം

അബൂദബി: റമദാന്‍ വ്രതാനുഷ്ഠാനത്തോട് അനുബന്ധിച്ച് ഭരണാധികാരികള്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ ഉള്‍പ്പെട്ട് അബൂദബി ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ അടക്കം 69 ഇന്ത്യക്കാര്‍ക്ക് മോചനം ലഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം അറിയിച്ചു. വിവിധ സംസ്ഥാനക്കാരെ വേര്‍തിരിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതിനാല്‍ എത്ര മലയാളികള്‍ക്ക് മോചനം ലഭിക്കുമെന്ന് വ്യക്തമല്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനാകുമെന്നും ഇന്ത്യന്‍ മീഡിയ അബൂദബി ഭാരവാഹികളുമായി നടത്തിയ മുഖാമുഖത്തില്‍ അംബാസഡര്‍ വ്യക്തമാക്കി.  ജയില്‍ മോചിതര്‍ക്ക് നാട്ടില്‍  പോകാന്‍  വിമാനടിക്കറ്റ് ആവശ്യമെങ്കില്‍ എംബസി ലഭ്യമാക്കും. 
ജി.സി.സി രാജ്യങ്ങളിലെ പ്രതിനിധികളും തൊഴിലാളികളെ അയക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളിലെ തൊഴില്‍ വകുപ്പ് പ്രതിനിധികളും പങ്കെടുത്ത അബൂദബി ഡയലോഗ് തൊഴില്‍ മേഖലയിലെ ചൂഷണവും തട്ടിപ്പും അവസാനിപ്പിക്കാന്‍ ഉതകുമെന്നും അംബാസര്‍ പറഞ്ഞു.  ഇ മൈഗ്രേഷന്‍   സംവിധാനം കുറ്റമറ്റതാക്കുന്നതിനുള്ള  നടപടികള്‍ ത്വരിതപ്പെടുത്തും.  ഇന്ത്യയിലെ  റിക്രു ട്ട്മെന്‍റ്  ഏജന്‍സികള്‍  ഇതില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാക്കും. ഇതോടെ തൊഴില്‍ തട്ടിപ്പുകള്‍ ഇല്ലാതാകും.  യു.എ.ഇയിലെ ഒരു കമ്പനിക്കും  തൊഴില്‍ നിയമനത്തിനായി  ഏതെങ്കിലും തരത്തിലുള്ള  ഫീസ് ഈടാക്കാന്‍ അനുവാദമില്ല. വിസക്ക് വേണ്ടി പണം ആവശ്യപ്പെട്ടാല്‍  അത്തരം കമ്പനികളെക്കുറിച്ച്  ഇന്ത്യന്‍ എംബസ്സിയുടെ ഇന്ത്യന്‍ വര്‍ക്കേഴ്സ് റിസോര്‍സ് സെന്‍റര്‍ വഴി അന്വേഷണം നടത്തണം. 
പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവരുടെ യു.എ.ഇ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടാന്‍ കാരണമായി.  ഇന്ത്യയില്‍ അസംസ്കൃത എണ്ണ സൂക്ഷിക്കുന്നതിനുള്ള യു.എ.ഇയുടെ തന്ത്രപ്രധാന നിക്ഷേപ നീക്കം  അടുത്ത ഘട്ടത്തിലേക്ക് കടന്നു. നികുതി ഈടാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്തിമ തീരുമാനമായി . കര്‍ണാടകയിലും വിശാഖപട്ടണത്തുമുള്ള ടണലുകളിലാണ് അസംസ്കൃത എണ്ണ സൂക്ഷിക്കുക.  യു.എ.ഇയിലെ  ഓണ്‍ഷോര്‍ എണ്ണക്കമ്പനികളില്‍  നിക്ഷേപം നടത്താനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ കൂട്ടായ്മയാകും യു.എ.ഇയില്‍ നിക്ഷേപം നടത്തുക.
മനോഹര്‍ പരീക്കറുടെ  സന്ദര്‍ശനത്തില്‍ യു.എ.ഇ യുമായി ‘പ്രൊട്ടെക്ഷന്‍ ഓഫ് കോണ്‍ഫിഡന്‍ഷ്യല്‍ മാറ്റേഴസ്’ കരാറില്‍ ഒപ്പിട്ടതോടെ  പ്രതിരോധ രംഗത്ത് ഭാവിയുലുണ്ടാകാവുന്ന  നിരവധി നീക്കങ്ങള്‍ക്ക് അടിസ്ഥാനരേഖയായി. ഇന്ത്യയുടെയും യു.എ.ഇ യുടെയും വ്യോമസേനകള്‍  സംയുക്തമായി നടത്തിയ വ്യോമാഭ്യാസം  സൈനികരംഗത്തും പ്രകൃതിഷോഭം പോലുള്ള സമയത്തും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള തുടക്കമാണ്.
അബൂദബി- ഡല്‍ഹി റൂട്ടില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പിന്‍വലിച്ചത് പുന$പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അംബാസഡര്‍മാരുടെ ഒൗദ്യോഗിക അധികാരങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ഒൗദ്യോഗിക തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിണ്ട്. ഇത് പ്രാവര്‍ത്തികമായാല്‍  കമ്മ്യുണിറ്റി  വെല്‍ഫയര്‍ ഫണ്ട്   പ്രവാസികള്‍ക്ക്  ഏറെ പ്രയോജനപ്രദമായ  രീതിയില്‍ ഉപയോഗിക്കാനാകുമെന്നും  പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യന്‍ എംബസി  പാസ്പോര്‍ട്ട്, വിദ്യാഭ്യാസ, സാംസ്കാരിക  വിഭാഗം സെക്കന്‍റ് സെക്രട്ടറി കപില്‍ രാജും പരിപാടിയില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.