യു.എ.ഇ-ഇന്ത്യ സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനം

അബൂദബി: യു.എ.ഇയും ഇന്ത്യയും ചേര്‍ന്ന് സംയുക്ത പാര്‍ലമെന്‍ററി കമ്മിറ്റിക്ക് രൂപം നല്‍കാനും ഇരു രാജ്യങ്ങളിലെയും പാര്‍ലമെന്‍േററിയന്മാര്‍ പരസ്പര സന്ദര്‍ശനം നടത്താനും തീരുമാനം.  യു.എ.ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസിയും യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാമും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഈ തീരുമാനമെടുത്തത്. 
അബൂദബിയിലെ എഫ്.എന്‍.സി ആസ്ഥാനത്ത് ശനിയാഴ്ചയാണ് ഇരുവരും കൂടിക്കണ്ടത്. വളര്‍ന്നുകൊണ്ടിരിക്കുന്ന നയതന്ത്ര പങ്കാളിത്തത്തിന്‍െറ ഭാഗമായി യു.എ.ഇക്കും ഇന്ത്യക്കുമിടയിലെ പാര്‍ലമെന്‍ററി സഹകരണം പ്രോത്സാഹിപ്പിക്കാനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വേണ്ടിയായായിരുന്നു കൂടിക്കാഴ്ച 
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഇടക്കിടെയുള്ള പാര്‍ലമെന്‍ററി സന്ദര്‍ശനങ്ങളിലൂടെയും സൗഹൃദപരമായ യു.എ.ഇ-ഇന്ത്യന്‍ പാര്‍ലമെന്‍ററി കമ്മിറ്റി രൂപവത്കരണത്തിലൂടെയും എഫ്.എന്‍.സിയും ഇന്ത്യന്‍ പാര്‍ലമെന്‍റും തമ്മിലെ ബന്ധം ഊഷ്മളമാക്കേണ്ടതിന്‍െറ പ്രാധാന്യം അമല്‍ അബ്ദുല്ല അല്‍ ഖുബൈസി ചര്‍ച്ചയില്‍ ഊന്നിപ്പറഞ്ഞു. സുരക്ഷ-സുസ്ഥിരത വിഷയങ്ങളില്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനായി വിവിധ വിഷയങ്ങളിലുള്ള കാഴ്ചപ്പാടുകളും നിലപാടുകളും ഏകീകരിക്കുന്നതിനൊപ്പം പാര്‍ലമെന്‍ററി നയതന്ത്രത്തിനാവശ്യമായ  ആശയവിനിമയം കൈവരിക്കുകയും എല്ലാ മേഖലകളിലെയും ബന്ധം ശക്തമാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അവര്‍ പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കും അവിടുത്തെ ജനങ്ങള്‍ക്കും താല്‍പര്യ മുള്ള വിവിധ വിഷയങ്ങളില്‍ കാഴ്ചപ്പാടുകളും നിലപാടുകളും  ഏകോപിപ്പിക്കുന്നതിന് ഇന്‍റര്‍ പാര്‍ലമെന്‍ററി യൂനിയനില്‍ പങ്കെടുക്കുന്ന സമയത്ത് എഫ്.എന്‍.സിയും ഇന്ത്യന്‍ പാര്‍ലമെന്‍റ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തേണ്ടതിന്‍െറ പ്രാധാന്യം ഇരു വിഭാഗവും ഊന്നിപ്പറഞ്ഞു. യു.എ.ഇ-ഇന്ത്യന്‍ സൗഹൃദ പാര്‍ലമെന്‍ററി കമ്മിറ്റി രൂപവത്കരിക്കുന്നതിന് ധാരണാപത്രത്തിന് കരട് രൂപം തയാറാക്കുന്നതിന് ഇരു വിഭാഗവും സമ്മതമറിയിച്ചു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ 2016 ഫെബ്രുവരിയില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനം യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഉന്നതിയിലത്തെിച്ചതായും ഇരുവരും അഭിപ്രായപ്പെട്ടു.
ദേശീയതലത്തിലും രാജ്യാന്തരതലത്തിലും ഇന്ത്യക്കാരെ സേവിക്കുന്നതില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് നല്‍കുന്ന പ്രാധാന്യത്തിന് ഡോ. അല്‍ ഖുബൈസി ആദരവ് പ്രകടിപ്പിച്ചു. ജനാധിപത്യത്തിലും ബഹുത്വത്തിലും രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തത്തിലും ഊന്നിയുള്ള ഭരണഘടന നടപ്പാക്കുന്ന ഇന്ത്യ ലോകത്ത് ഏറ്റവും ആഴത്തിലുള്ള ജനാധിപത്യമുള്ള രാജ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.