പുസ്തകരചനക്ക് കാവാലത്തിന്‍െറ പിന്തുണ; നന്ദി നിറഞ്ഞ ഓര്‍മകളുമായി അഭിലാഷ്

അബൂദബി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക എസ്. ജാനകി ആലപിച്ച മലയാള ഗാനങ്ങളെ കുറിച്ച ഗവേഷണ ഗ്രന്ഥം തയാറാക്കുന്നതിന് ഞായറാഴ്ച അന്തരിച്ച കാവാലം നാരായണപ്പണിക്കര്‍ നല്‍കിയ സഹായങ്ങള്‍ നന്ദിയോടെ സ്മരിച്ച് അഭിലാഷ് പുതുക്കാട്. രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ച ‘എസ്. ജാനകി: ആലാപനത്തിലെ ‘തേനും വയമ്പും’ പുസ്തകത്തിനാണ് വിവരങ്ങള്‍ പകര്‍ന്നും പ്രോത്സാഹനം നല്‍കിയും കാവാലം പിന്തുണയേകിയത്.

അബൂദബിയില്‍ ശില്‍പശാലകള്‍ക്കായി എത്തിയ കാവാലം ശ്രീകുമാറിനെ പരിചയപ്പെട്ടാണ് അഭിലാഷ് അദ്ദേഹത്തിന്‍െറ അച്ഛനിലേക്കത്തെിയത്. പിന്നീട് പുസ്തകരചനക്കുള്ള നിര്‍ദേശങ്ങള്‍ തേടിയും സുഖാന്വേഷണങ്ങള്‍ അറിയുന്നതിനും പലപ്പോഴും ഫോണിലൂടെ ബന്ധപ്പെട്ടു. നാട്ടില്‍ പോയപ്പോള്‍ ഒരിക്കല്‍ തിരുവനന്തപുരം തൃക്കണാപുരത്ത് ചെന്ന് കാവാലത്തെ നേരിട്ടു കണ്ട് അനുഗ്രഹം വാങ്ങി. മലയാളി അല്ലാതിരുന്നിട്ടും എസ്. ജാനകി മലയാള ഭാഷയോട് പുലര്‍ത്തിയ ആദരവ് വലിയതായിരുന്നുവെന്ന് അന്ന് കാവാലം പറഞ്ഞത് അഭിലാഷ് ഓര്‍ക്കുന്നു.

2015 സെപ്റ്റംബറിലാണ് അഭിലാഷിന്‍െറ പുസ്തകത്തിന്‍െറ ആദ്യ വാല്യം പുറത്തിറങ്ങിയത്. രണ്ട് മാസം മുമ്പ് രണ്ടാം വാല്യവും പുറത്തിറങ്ങി. ആദ്യ വാല്യത്തില്‍ എസ്. ജാനകി പാടിയ മലയാള ചലച്ചത്ര ഗാനങ്ങളുടെ സംഗീത സംവിധായകരെ അധികരിച്ചാണ് പുസ്തകരചന. രണ്ടാം വാല്യത്തില്‍ ഗാനരചയിതാക്കള്‍, ഗാനരംഗത്തിലെ അഭിനേതാക്കള്‍ തുടങ്ങിയവരെ പ്രതിപാദിക്കുന്നു. രണ്ടാം വാല്യത്തില്‍ കാവാലം നാാരായണപ്പണിക്കരെ കുറിച്ച് ഒരധ്യായമുണ്ട്. അബൂദബി മുറൂര്‍ റോഡ് സെക്യുര്‍ ടെകില്‍ പ്ളാനിങ് ആന്‍ഡ് എസ്റ്റിമേഷന്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് അഭിലാഷ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.