പ്രമോദ് മങ്ങാടിന് ‘സി.ഇ.ഒ ഓഫ്  ദ ഇയര്‍’ അവാര്‍ഡ്

ദുബൈ: യു.എ.ഇ. എക്സ്ചേഞ്ച് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പ്രമോദ് മങ്ങാടിന് ‘സി.ഇ.ഒ. ഓഫ് ദി ഇയര്‍’ അവാര്‍ഡ്. ധന വിനിമയ രംഗത്ത് നൂതനാശയങ്ങളുടെ പ്രയോഗവും ലക്ഷ്യഭേദിയായ പ്രവര്‍ത്തനവും നടത്തിയതിനാണ് അറേബ്യന്‍ ബിസിനസ് ആന്‍റ് സി.ഇ.ഒ. മിഡില്‍ ഈസ്റ്റ് ഓര്‍ഗനൈസേഷന്‍െറ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.  യു.എ.ഇ എക്സ്ചേഞ്ചില്‍ ചെറിയ കാലയളവില്‍ പ്രമോദ് ആവിഷ്കരിച്ചു നടപ്പാക്കിയ വിപ്ളവകരമായ പദ്ധതികളും അവാര്‍ഡിന് പരിഗണിച്ചു. 
  ദുബൈ കോണ്‍റാഡ് ഹോട്ടലില്‍ ഇന്ത്യന്‍ സ്ഥാനപതി ടി.പി. സീതാറാം മുഖ്യാതിഥിയായിരുന്ന ചടങ്ങില്‍ പ്രമുഖ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും ഐ.ടി.പി. പബ്ളിഷിംഗ് ചെയര്‍മാനുമായ ആന്‍ഡ്രൂ നീല്‍ പ്രമോദ് മങ്ങാടിന് പുരസ്കാരം സമ്മാനിച്ചു. യു.എ.ഇ. എക്സ്ചേഞ്ചില്‍ ആധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് കുറ്റമറ്റ സേവനം ഉറപ്പുവരുത്തുകയും സ്ഥാപനത്തെ ഒരു ആഗോള ബ്രാന്‍ഡായി ഉയര്‍ത്തുന്നതില്‍ മികച്ച പങ്കുവഹിക്കുകയും ചെയ്ത പ്രമോദ് മങ്ങാട്, ലോകോത്തര ബ്രിട്ടീഷ് സ്ഥാപനമായ ട്രാവലക്സിനെ യു.എ.ഇ. എക്സ്ചേഞ്ചിന്‍െറ ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിനും നേതൃത്വം നല്‍കി. ബാങ്കര്‍ മാഗസിന്‍െറ ‘ഡീല്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡ്’ കഴിഞ്ഞവര്‍ഷം നേടിയിരുന്നു. 
 ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ അബൂദബി ചാപ്റ്ററിന്‍െറ ‘എക്സലന്‍സ് ഇന്‍ ഫിനാന്‍സ് ആന്‍റ് പ്രൊഫഷന്‍’ അവാര്‍ഡും  പ്രമോദിന് ലഭിച്ചിരുന്നു. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം നെന്മാറ മങ്ങാട് കുടുംബാംഗമായ പ്രമോദ് 16വര്‍ഷമായി യു.എ.ഇ. എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചുവരികയാണ്. എന്‍.എം.സി. ഗ്രൂപ്പില്‍ ഡെപ്യൂട്ടി ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സഹോദരന്‍ പ്രശാന്ത് മങ്ങാട്  കവിയും ഗാനരചയിതാവുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT