അബൂദബി- കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ്  ഒരു ദിവസം  വൈകി; യാത്രക്കാര്‍ ദുരിതത്തില്‍ 

അബൂദബി: അബൂദബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക പ്രശ്നങ്ങള്‍ മൂലം മണിക്കൂറുകള്‍ വൈകിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തിങ്കളാഴ്ച രാത്രി 12.35ന് പുറപ്പെടേണ്ട ഐ.എക്സ് 348 വിമാനമാണ് അനിശ്ചിതമായി വൈകിയത്. 22 മണിക്കൂറോളം വൈകിയ വിമാനം ചൊവ്വാഴ്ച രാത്രി 11.30നും  പുറപ്പെട്ടിട്ടില്ല. 
കോഴിക്കോട്ടേക്ക് പോകുന്നതിന് തിങ്കളാഴ്ച രാത്രി ഒമ്പതോടെ തന്നെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അബൂദബി വിമാനത്താവളത്തിലത്തെിയ യാത്രക്കാരാണ് ദുരിതത്തിലായത്. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ 153 പേരാണ് വിമാനത്തില്‍ പോകാന്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം ബോര്‍ഡിങ് പാസും വാങ്ങി യാത്രക്കൊരുങ്ങിയപ്പോഴാണ് വിമാനത്തിന് തകരാറുണ്ടെന്നും വൈകുമെന്നും വ്യക്തമാക്കിയത്. ഉറക്കവും കളഞ്ഞ് മണിക്കൂറുകള്‍ കാത്തിരുന്നുവെങ്കിലും വിമാനം പുറപ്പെട്ടില്ല. വിമാനം മണിക്കൂറുകള്‍ വൈകിയതോടെ ബന്ധുക്കള്‍ മരിച്ചത് അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട നാലു പേരും ദുരിതത്തിലായി. ഭാര്യാമാതാവിന്‍െറ മരണം അറിഞ്ഞ് നാട്ടിലേക്ക് തിരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിക്ക് മൂന്ന് ദിവസത്തെ അവധി മാത്രമാണ് ലഭിച്ചത്. വിമാനം മണിക്കൂറുകള്‍ വൈകിയതോടെ ഇദ്ദേഹം യാത്ര റദ്ദാക്കി. 
സഹോദരന്‍ മരിച്ചത് അറിഞ്ഞത് നാട്ടിലേക്ക് തിരിക്കാനത്തെിയ മലപ്പുറം വാണിയമ്പലം സ്വദേശി ഷംസുദ്ദീനും മറ്റ് രണ്ട് പേരും ദുബൈ വഴി നാട്ടിലേക്ക് മടങ്ങി. എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ തന്നെയാണ് ഇവര്‍ക്ക് ദുബൈ വഴി നാട്ടിലേക്ക് തിരിക്കാന്‍ അവസരം ഒരുക്കിയത്. 
അതേസമയം, വിമാനം മണിക്കൂറുകള്‍ വൈകിയിട്ടും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരില്‍ നിന്ന് കാര്യമായ പരിഗണന യാത്രക്കാര്‍ക്ക് ലഭിച്ചില്ളെന്ന് പരാതിയുണ്ട്. രാത്രി ഉറക്കമൊഴിച്ച് ഇരുന്നവര്‍ക്ക് ഒരു കുപ്പി വെള്ളം മാത്രമാണ് നല്‍കിയത്. പലര്‍ക്കും ഉച്ച വരെ ഭക്ഷണവും ലഭിച്ചിട്ടില്ല. ഉറക്കമില്ലായ്മയും വിശപ്പും മൂലം തങ്ങള്‍ ഏറെ അവശരാണെന്ന് യാത്രികരിലൊരാള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, യാത്രക്കാരെ തിരുവനന്തപുരം വഴി കോഴിക്കോട് എത്തിക്കുകയാണ് ലക്ഷ്യമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.