ദുബൈ: ലോകത്ത് യുദ്ധം ഇല്ലാതാക്കുന്നതിന് രൂപം കൊണ്ട ഐക്യരാഷ്ട്ര സഭ യുദ്ധക്കെടുതികളുടെ കണക്കെടുക്കുന്ന സ്ഥാപനമായി മാറിയതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. ടി.വി. മുഹമ്മദലി. ലോകരാജ്യങ്ങള്‍ സൈനിക ചെലവിന് നീക്കിവെക്കുന്ന തുകയില്‍ നിന്ന് അഞ്ച് ദിവസത്തേത് മാറ്റിവെച്ചാല്‍ ലോകത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു വര്‍ഷം വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കും. ലോകം മുഴുവന്‍ പട്ടിണിപ്പാവങ്ങളും വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവരും കുടിവെള്ളം ലഭിക്കാത്തവരും ഉള്ളപ്പോള്‍ മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെ കുറിച്ചും സംസാരിക്കാന്‍ നമുക്ക് എന്തര്‍ഹതയാണുള്ളതെന്ന് മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് ‘ഇന്ത്യന്‍ തത്വചിന്തയിലെ മാനവികത’ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ ടി.വി. മുഹമ്മദലി ചോദിച്ചു. ചാവക്കാട് അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മാധ്യമം മുന്‍ ചീഫ് സബ് എഡിറ്ററും സീനിയര്‍ ജേണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്‍റുമായ മുഹമ്മദലി.
മാനവികത പറയുന്ന മതങ്ങളുടെ പേരില്‍തന്നെ മനുഷ്യത്വ രഹിതമായ ആക്രമണങ്ങള്‍ നടക്കുകയാണ്. മതങ്ങള്‍ മനുഷ്യത്വം പഠിപ്പിക്കുന്ന ദര്‍ശനങ്ങളാണ്. ലോക മതങ്ങളിലെയും തത്വ ചിന്തകളിലെയും മാനവികതയെ കുറിച്ചാണ് ഗവേഷണത്തില്‍ ആദ്യം പരിശോധിച്ചത്. ശ്രീനാരായണ ഗുരു, രാമലിംഗ സ്വാമി, അല്ലാമ ഇഖ്ബാല്‍ എന്നിവരുടെ തത്വചിന്ത വിശദമായി പരിശോധിച്ചു. ഫാസിസത്തിന് അടിവേരില്ല എന്നതാണ് ഈ മഹാന്‍മാരെല്ലാം പറയുന്നത്. നാരായണഗുരു ഈ ജാതി- മനുഷ്യജാതി എന്ന സന്ദേശം ഉയര്‍ത്തിയപ്പോള്‍ കാരുണ്യമാണ് രാമലിംഗസ്വാമിയുടെ ചിന്തകള്‍. സാര്‍വത്രിക സാഹോദര്യത്തെ കുറിച്ചാണ് ഇഖ്ബാലിന്‍െറ ചിന്തകളെന്നും ഡോ. ടി.വി. മുഹമ്മദലി പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മാത്രം മുതല്‍ക്കൂട്ടായവര്‍ക്കും പരിശ്രമത്തിലൂടെ ജീവിതത്തിന്‍െറ സായം കാലത്തും പി.എച്ച്്.ഡി സ്വന്തമാക്കാമെന്നതിന്‍െറ തെളിവാണ് തന്‍െറ ജീവിതമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിലായിരുന്നു കുട്ടിക്കാലം. അതിനാല്‍ പണിയെടുക്കുന്നതിന്‍െറ ഇടയിലായിരുന്നു പഠനം. ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് ഗവേഷണം നടത്തിയതെന്നും ടി.വി. മുഹമ്മദലി പറഞ്ഞു. ചാവക്കാട് അസോസിയേഷന്‍ രക്ഷാധികാരി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം ഭാരവാഹി രാജീവ്, തളിക്കുളം പ്രവാസി അസോസിയേഷന്‍ ഭാരവാഹി ഇബ്രാഹിംകുട്ടി, അക്ബര്‍ അണ്ടത്തോട്, അബ്ദുല്‍ ഗഫൂര്‍, സഫ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അക്ബര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസിഡന്‍റ് ലിയാഖത്ത് സ്വാഗതവും സെക്രട്ടറി മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.