റോഡ് സുരക്ഷക്ക് കര്‍ശന നടപടികള്‍

അബൂദബി: ബലിപെരുന്നാള്‍ ദിനത്തില്‍ റോഡ് സുരക്ഷ ഉറപ്പാക്കാന്‍ അബൂദബിയില്‍ കര്‍ശന നടപടികള്‍. ഗതാഗത-പട്രോള്‍ വകുപ്പും അബൂദബി പൊലീസും ഹൈവേകളും ഉള്‍റോഡുകളും ആരാധനാലയങ്ങള്‍ക്ക് സമീപവും നിരീക്ഷണം ശക്തമാക്കി. ‘ഈദ് സുരക്ഷാ കാമ്പയിന്‍െറ ഭാഗമായാണ് നടപടികള്‍.
ഗതാഗതനിയമങ്ങള്‍ പാലിച്ചും വേഗപരിധി ലംഘിക്കാതെയും എല്ലാവരുടെയും പെരുന്നാള്‍ ആഹ്ളാദകരമാക്കാന്‍ വാഹന ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്യുക, സാമൂഹിക മാധ്യമങ്ങള്‍ പരിശോധിക്കുക, ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുക എന്നിവയില്‍നിന്ന് ഡൈവര്‍മാര്‍ വിട്ടുനില്‍ക്കണം. ഫോണ്‍ എടുക്കുന്നത് തന്നെ കുറ്റകരമാണെന്ന് ആഭ്യന്തര വകുപ്പ് അധികൃതര്‍ പറഞ്ഞു.
ജനങ്ങള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും മാര്‍ക്കറ്റുകള്‍ക്കും മാളുകള്‍ക്കും സമീപം ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധയുണ്ടാവണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ഏകോപന ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗൈത് ഹസ്സന്‍ ആല്‍ സആബി പറഞ്ഞു. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം സൂക്ഷിക്കണം. നിര്‍ദിഷ്ട സ്ഥാനങ്ങളിലല്ലാതെ പാര്‍ക്ക് ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു.
യുവാക്കളായ ഡ്രൈവര്‍മാരോട് മാന്യമായും ഉത്തരവാദിത്വത്തോടെയും വാഹനമോടിക്കാന്‍ അധികൃതര്‍ ആഹ്വാനം ചെയ്തു. അപകടകരമായ രീതിയിലുള്ള വാഹനമോടിക്കലും സ്റ്റണ്ടുകളും താമസ സ്ഥലങ്ങള്‍ക്ക് സമീപം വാഹനയോട്ട മത്സരം സംഘടിപ്പിക്കലും അവനവന്‍െറയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കും. മുന്‍ ഈദാഘോഷങ്ങള്‍ക്ക് ഇത്തരം നിയമലംഘനങ്ങള്‍ക്ക് പലരും പിടിയിലായിട്ടുണ്ട്. 
വാഹനമോടിക്കുമ്പോള്‍ സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമായും ധരിക്കണം. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളെ മുന്‍സീറ്റുകളിലിരുത്തരുത്. മറ്റു ആവശ്യമായ മുന്‍കരുതലുകളെടുക്കണം.
ബലിപെരുന്നാളിനോടനുബന്ധിച്ച് വിവിധ റോഡുകളിലെ ഗതാഗത പട്രോളിങ് വര്‍ധിപ്പിച്ചിട്ടുണ്ട്. 
കുട്ടികളെ ശരിയായി സംരക്ഷിക്കണമെന്നും അപകടം വരാതെ സൂക്ഷിക്കണമെന്നും അധികൃതര്‍ രക്ഷിതാക്കളെ ഉണര്‍ത്തി. ഉയര്‍ന്ന സഥലങ്ങള്‍, എസ്കലേറ്ററുകള്‍, ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കുടികളെ ഒറ്റക്ക് വിടരുത്. ഉദ്യാനങ്ങളിലും പാര്‍ക്കുകളിലും കുട്ടികള്‍ കളിക്കുമ്പോള്‍ അവരെ നിരീക്ഷിക്കണം. അപകടകരമായ കളിയന്ത്രങ്ങളിലേക്ക് കുട്ടികളെ വിടരുത്. പ്രായത്തിന് അനുസരിച്ചുള്ള കളിരീതികളാണ് തെരഞ്ഞെടുക്കേണ്ടത്്. ചെറിയ കുട്ടികളെ വീടുകളില്‍നിന്ന് തനിച്ച് പുറത്തേക്ക് അയക്കരുതെന്നും അധികൃതര്‍ പറഞ്ഞു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.