ദുബൈ: എമിറേറ്റിൽ 23,600 സൗജന്യ വൈഫൈ ഹോട്ട് സ്പോട്ടുകൾ സജ്ജീകരിച്ച് ഇന്റർനെറ്റ് ലഭ്യതയുടെ വിപുലമായ സംവിധാനം ഒരുക്കിയതായി അധികൃതർ. നഗരത്തിലെ സുപ്രധാന ഭാഗങ്ങളിലെല്ലാം സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ താമസക്കാർക്കും സന്ദർശകർക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാണ്. പ്രധാനമായും പാർക്കുകൾ, ബീച്ചുകൾ, മാളുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഡിജിറ്റൽ പരിവർത്തനം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ദുബൈ ഡിജിറ്റൽ അതോറിറ്റി നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2000ൽ ഡിജിറ്റൽ രംഗത്ത് ശ്രദ്ധയൂന്നി നടത്തിയ പ്രവർത്തനങ്ങൾ എമിറേറ്റിൽ വലിയ മുന്നേറ്റം സാധ്യമാക്കിയിട്ടുണ്ടെന്ന് അതോറിറ്റി വെളിപ്പെടുത്തി. 2013ൽ പ്രഖ്യാപിച്ച സ്മാർട്ട് ഗവൺമെന്റ് പദ്ധതി പ്രവർത്തനങ്ങളെ വിപുലമാക്കുകയും പേപ്പർ ഇടപാടുകൾ അവസാനിപ്പിക്കുന്ന 2021ലെ സമഗ്ര ഡിജിറ്റൽ പദ്ധതി മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വിലയിരുത്തുന്നു. നിലവിൽ ഡിജിറ്റൽ ലോകത്തിന്റെ ആഗോള തലസ്ഥാനമായി മാറാനാണ് ദുബൈ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.