അബൂദബിയിൽ ഇരുചക്രവാഹനങ്ങൾക്ക് 3025 പാർക്കിങ് കേന്ദ്രങ്ങൾ

അബൂദബി: ഇരുചക്രവാഹനങ്ങൾക്കായി മൂവായിരത്തിലേറെ പാർക്കിങ് സൗകര്യം ഏർപ്പെടുത്തി അധികൃതർ. ഉപഭോക്താക്കളുടെ സംതൃപ്തി മെച്ചപ്പെടുത്തുക, പൊതുജനങ്ങളുടെ സഞ്ചാരം സുഗമമാക്കുക, അവരുടെ അസൗകര്യങ്ങൾ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മോട്ടോർസൈക്കിളുകൾക്കായി അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതെന്ന് അബൂദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അലക്ഷ്യമായ പാർക്കിങ് പൊതുജനങ്ങളുടെ സുരക്ഷയ്ക്കു വരെ ഭീഷണിയാവുമെന്നിരിക്കെയാണ് 3025 പാർക്കിങ് ഇടങ്ങൾ ഇരുചക്രവാഹനങ്ങൾക്കായി അബൂദബിയിൽ ക്രമീകരിച്ചതെന്ന് കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതിനായി അധികൃതർ നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണമെന്നും തെറ്റായ പാർക്കിങ്ങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗതാഗതകേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത വർഷങ്ങളിലായി അബൂദബിയിൽ മോട്ടോർസൈക്കിളുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടായിട്ടുണ്ട്. ഡെലിവറി ഡ്രൈവർമാരും റൈഡർമാരും തങ്ങളുടെ മോട്ടോർസൈക്കിളുകൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് അധികൃതർ പാർക്കിങ് സൗകര്യം സജ്ജീകരിച്ചത്.

എമിറേറ്റിലെ ഇരുചക്ര ഡെലിവറി റൈഡര്‍മാര്‍ക്ക് അധികൃതർ കർശന നിർദേശങ്ങളും നൽകിയിരുന്നു. ഇരുചക്ര വാഹനങ്ങൾ കൂടുന്നതിന് അനുസരിച്ച് പാർക്കിങ്ങും സുരക്ഷയും അടക്കം ഒരുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നടപടികൾ തുടരുന്നത്. ഇരുചക്ര മോട്ടോര്‍ വാഹനങ്ങളുടെ അപകടംമൂലമുള്ള മരണങ്ങളോ പരിക്കുകളോ അബൂദബിയില്‍ 2021ല്‍ 20 ശതമാനം വര്‍ധിച്ചതായിട്ടാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാത്തതും പൊടുന്നനെയുള്ള ലെയിന്‍ മാറ്റവും അടക്കം ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ ദീര്‍ഘസമയത്തെ ജോലി മൂലമുള്ള ഡ്രൈവര്‍മാരുടെ ക്ഷീണവും അപകടങ്ങളുണ്ടാവുന്നതിന് പ്രധാന കാരണമാണെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. 

Tags:    
News Summary - 3025 parking spaces for two-wheelers in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.