ദുബൈ: ജനുവരി ആദ്യ 15 ദിവസം ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നത് 43 ലക്ഷം പേർ. ചരിത്രത്തിലെ ഏറ്റവും കൂടിയ വർഷാദ്യ തിരക്കിനാണ് വിമാനത്താവളം സാക്ഷ്യം വഹിക്കുന്നത്. കോവിഡിന് മുമ്പുള്ള 2018 -2019 കാലത്തേക്കാൾ തിരക്കാണ് ഇത്തവണ.
ക്രിസ്മസ്, നവവത്സര ആഘോഷങ്ങൾ പൂർത്തിയാക്കി മടങ്ങുന്നവരും നാട്ടിൽനിന്ന് വരുന്നവരുമായി എല്ലാ വർഷവും ഈ സമയത്ത് തിരക്ക് പതിവണ്. എന്നാൽ, ഇത്തവണ മുൻ വർഷത്തേക്കാൾ എട്ട് ശതമാനം അധികമാണ്. ദിനംപ്രതി 2.87 ലക്ഷം പേരാണ് ഇത്തവണ കടന്നുപോകുന്നത്.
2024ലെ ആദ്യ 11 മാസങ്ങളിൽ 1.67 കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബൈയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനയാണിത്. ദുബൈ ഇക്കോണമി ആൻഡ് ടൂറിസം വകുപ്പ് പുറത്തിറക്കിയ 2024 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കനുസരിച്ച് എമിറേറ്റിൽ നവംബറിൽ മാത്രം 18.3 ലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ എത്തി.
ജനുവരിയിൽ 17.7 ലക്ഷം, ഫെബ്രുവരിയിൽ 19 ലക്ഷം, മാർച്ചിൽ 15.1 ലക്ഷം, ഏപ്രിലിൽ 15 ലക്ഷം, മേയിൽ 14.4 ലക്ഷം, ജൂണിൽ 11.9 ലക്ഷം, ജൂലൈയിൽ 13.1 ലക്ഷം, ആഗസ്റ്റിൽ 13.1 ലക്ഷം, സെപ്റ്റംബറിൽ 13.6 ലക്ഷം, ഒക്ടോബറിൽ 16.7 ലക്ഷം എന്നിങ്ങനെയാണ് വിനോദ സഞ്ചാരികൾ എത്തിയത്. ഈ 11 മാസങ്ങളിൽ പടിഞ്ഞാറൻ യൂറോപ്പാണ് ദുബൈയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന ഉറവിടം.
മൊത്തം സന്ദർശകരുടെ 20 ശതമാനം ഈ മേഖലയിൽനിന്നാണ്. ദക്ഷിണേഷ്യയിൽ നിന്നുള്ളവരാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.