ഷാർജ: അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എത്തിയ പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിന് ഷാർജയിലെ ലൈബ്രറികൾക്ക് 45 ലക്ഷം ദിർഹമിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രാദേശിക തലത്തിലും ആഗോള തലത്തിലുമുള്ള പ്രസാധകരെ പിന്തുണക്കുന്നതുകൂടി ഗ്രാന്റിന്റെ ലക്ഷ്യമാണ്. ഇത്തവണ 108 രാജ്യങ്ങളിൽനിന്ന് 2033 പ്രസാധകരുടെ വിവിധ ഭാഷകളിലെ 15 ലക്ഷം പുസ്തകങ്ങളാണ് പുസ്തകമേളയിൽ എത്തിയത്. ഇവരിൽ 1043 അറബ് പ്രസാധകരും 990 അന്താരാഷ്ട്ര പ്രസാധകരുമാണുള്ളത്.
ഷാർജ ഭരണാധികാരിയുടെ ഗ്രാന്റ് സർക്കാർ, പൊതുമേഖലകളിലെ പ്രസിദ്ധീകരണ വ്യവസായത്തെയും എമിറേറ്റിലെ ലൈബ്രറികളെയും ശക്തിപ്പെടുത്തുന്ന എമിറേറ്റിന്റെ ശ്രമങ്ങളുടെ തുടർച്ചയാണെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സാംസ്കാരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാത്രമല്ല, നിരവധി സംരംഭങ്ങളിലൂടെയും വെല്ലുവിളികളെ അതിജീവിക്കാൻ പ്രസാധകരെ സഹായിക്കുന്ന സ്ഥാപനമായി ഷാർജ ബുക്ക് അതോറിറ്റി മാറിയിട്ടുണ്ടെന്ന് ശൈഖ ബുദൂർ കൂട്ടിച്ചേർത്തു. എല്ലാ വർഷവും നൽകിവരുന്ന ഗ്രാന്റ് ലൈബ്രറികളിൽ വിവിധ വിജ്ഞാന മേഖലകളിലെ ഏറ്റവും പുതിയ പുസ്തകങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നു. എമിറേറ്റിലെ വിദ്യാർഥികൾക്കും പൊതു ജനങ്ങൾക്കും ഈ പുസ്തകങ്ങൾ ഉപയോഗിക്കാൻ ലഭ്യമാക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.