ദുബൈ: പ്രമുഖ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന 634 സൈബർ ആക്രമണങ്ങളെ രാജ്യത്തെ സൈബർ സുരക്ഷ സംവിധാനങ്ങൾക്ക് വിജയകരമായി തടയാൻ കഴിഞ്ഞതായി യു.എ.ഇ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തന്ത്രപ്രധാന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡേറ്റകൾ ചോർത്താൻ ലക്ഷ്യമിട്ടായിരുന്നു ആഗോള തലത്തിൽ സൈബർ ആക്രമണങ്ങൾ. എന്നാൽ, സൈബർ സുരക്ഷ രംഗത്ത് ആഗോള തലത്തിൽ ഏറ്റവും മികച്ച രീതികൾ ഉപയോഗിച്ച് എല്ലാ ആക്രമണങ്ങളേയും തടയാൻ കഴിഞ്ഞു.
റോസ്87168 എന്ന പേരിലറിയപ്പെടുന്നയാള് ഒറാക്കിള്‍ ക്ലൗഡിന്റെ എസ്.എസ്.ഒ,(സിംഗിള്‍ സൈന്‍ ഓണ്‍) എൽ.ഡി.എ.പി(ലൈറ്റ് വെയ്റ്റ് ഡയറക്ടറി ആക്സസ് പ്രോട്ടോക്കോള്‍) എന്നിവയില്‍ കടന്നുകയറി ആഗോളതലത്തിലുള്ള അറുപത് ലക്ഷം ഉപയോക്താക്കളുടെ യൂസര്‍ പാസ് വേഡ് അടക്കമുള്ള പ്രധാന രേഖകള്‍ കവര്‍ന്നുവെന്ന് അവകാശപ്പെട്ടതായി സൈബര്‍ സുരക്ഷ കൗണ്‍സില്‍ മേധാവി ഡോ. മുഹമ്മദ് അല്‍ കുവൈത്തി ചൂണ്ടിക്കാട്ടി.
ലോകത്തുടനീളമുള്ള 1,40,000 സ്ഥാപനങ്ങളെയാണ് സൈബർ ആക്രമണകാരികൾ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ യു.എ.ഇയിലെ 634 സ്ഥാപനങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ 30 എണ്ണം സർക്കാർ സ്ഥാപനങ്ങളും 13 സ്വകാര്യ സ്ഥാപനങ്ങളുമാണ്. ബാക്കിയുള്ളതെല്ലാം മറ്റ് വിഭാഗങ്ങളിൽ നിന്നുള്ളവയാണ്. രാജ്യത്തെ സൈബറിടം സുരക്ഷിതമാക്കുന്നതിനും ഹാക്കിങ് ശ്രമങ്ങളും സൈബർ ഭീഷണികളും തടയുന്നതിനുമായി ബന്ധപ്പെട്ട അതോറിറ്റികളുമായി സഹകരിച്ച് എമർജൻസി സൈബർ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യത്തിൽ സൈബർ സുരക്ഷ ശക്തമാക്കാനും ഡിജിറ്റൽ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള സംശയകരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളോടും അധികൃതർ അഭ്യർഥിച്ചു. ഹാക്കിങ്, സൈബർ തട്ടിപ്പ് എന്നിവ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സൈബർ ഭീഷണികളെ നേരിടുന്നതിന് ജാഗ്രത പാലിക്കേണ്ടതിന്റെയും മികച്ച സുരക്ഷ രീതികൾ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.