ദുബൈ: ക്രിയേറ്റിവ് കെയർ ഡിപ്ലോമയുടെ ഏഴാമത് പതിപ്പിന് തുടക്കമിട്ട് ദുബൈ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ്. അബൂദബി പൊലീസുമായി സഹകരിച്ചും ചില യൂനിവേഴ്സിറ്റി വിദ്യാർഥികളുടെ പങ്കാളിത്തത്തോടെയും നടത്തുന്ന കോഴ്സിൽ 45 ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.
യോഗ്യത, സ്ഥാപനം, പ്രോജക്ടുകൾ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് കോഴ്സുകൾ നടത്തുക. ഉദ്യോഗസ്ഥരുടെ കഴിവുകൾ വർധിപ്പിച്ച് നവീകരണത്തിലും സുസ്ഥിര വികസനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയെന്നതാണ് ലക്ഷ്യം.
ഇമിഗ്രേഷൻ വകുപ്പിൽ സർഗാത്മകതയും നൂതനത്വവുമുള്ള തൊഴിൽ സംസ്കാരം വളർത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഡിപ്ലോമ നടപ്പാക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടറിന്റെ അസി. ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുസ്സമദ് ഹസൻ സുലൈമാൻ പറഞ്ഞു. വിവിധ പതിപ്പുകൾ നവീകരണത്തിന് കൂടുതൽ സാധ്യതകളാണ് ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിലേക്കുള്ള ദീർഘവീക്ഷണം, സർഗാത്മകവും വിമർശനാത്മകവുമായ ചിന്തകൾ, ആസൂത്രണം എന്നിവ കോഴ്സിന്റെ പ്രധാന ഘടകങ്ങളാണ്. പഠനത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിദഗ്ധരും അക്കാദമിക ഉപദേശകരും പങ്കെടുക്കും. ഡിസംബർ അവസാനത്തോടെ ആശയങ്ങളെ നൂതന മാതൃകകളാക്കി മാറ്റുന്നതിനുള്ള പഠനവും ഭാവി പ്രോജക്ടുകൾ തുടങ്ങുന്നതിനുള്ള പരിശീലനവുമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.