ദുബൈ: യു.എ.ഇയിലെ താമസക്കാരിൽ 18 വയസ്സ് പൂർത്തിയായാൽ വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ലൈസൻസുകൾക്കും മറ്റും അപേക്ഷിക്കുന്നതിനുള്ള ട്രാഫിക് ഫയലുകൾ സ്വമേധയാ തുറക്കുന്ന സംരംഭം അവതരിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. നേരത്തെ പ്രായപൂർത്തിയാകുന്നവർ ലൈസൻസിനും മറ്റുമായി പ്രത്യേകം അപേക്ഷ സമർപ്പിച്ചാൽ മാത്രമേ ട്രാഫിക് ഫയലുകൾ തുറന്നിരുന്നുള്ളൂ.
പുതിയ സംവിധാനം വരുന്നതോടെ 18 വയസ്സ് പൂർത്തിയാകുന്നവരെ ട്രാഫിക് ഫയൽ തുറന്നതായി എസ്.എം.എസ് വഴി അറിയിക്കും. ഇതിനായി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ വാഹന, ഡ്രൈവിങ് ലൈസൻസ് വിഭാഗത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഉദ്യോഗസ്ഥ ഇടപെടൽ കുറക്കുന്നതിനായി ഇതുൾപ്പെടെ 11 പുതിയ സേവനങ്ങളാണ് ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ചിട്ടുള്ളത്. നിശ്ചയദാർഢ്യ വിഭാഗങ്ങൾക്ക് ഇലക്ട്രോണിക് സംവിധാനം വഴി പാർക്കിങ് പെർമിറ്റ് സ്വമേധയാ ലഭിക്കും.
കൂടാതെ നഷ്ടപ്പെട്ടതോ കേടായതോ ആയ ഡിജിറ്റൽ പ്ലേറ്റുകൾ മാറ്റി നൽകുന്നതിനും ഓണർഷിപ് മാറ്റുന്നതിനും ഡിജിറ്റൽ സേവനങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ട്.
ആപ്പിൾ വാലറ്റിൽ ഓണർഷിപ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവ വ്യക്തികൾക്ക് അപ്ലോഡ് ചെയ്യാം. വ്യക്തികൾക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ് എളുപ്പത്തിൽ കൈമാറാനാകും. വാഹനങ്ങളുടെ ഉടമസ്ഥാവകാശം കാർ ഡീലർമാരിൽ നിന്ന് നേരിട്ട് വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.