ദുബൈ: ടെലി മാർക്കറ്റിങ് നിയമങ്ങൾ ലംഘിച്ച വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച് ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടി.ഡി.ആർ.എ). വ്യക്തികളുടെ ഫോൺ നമ്പറുകൾ ടെലി മാർക്കറ്റിങ്ങിനായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ 2000 കേസുകളിലാണ് നിയമനടപടി സ്വീകരിച്ചത്.
നിയമലംഘകരുടെ ഫോൺ നമ്പറുകൾ താൽക്കാലികമായി സസ്പെന്ഡ് ചെയ്ത അതോറിറ്റി ഇവർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു. വ്യക്തികളുടെ ഫോൺ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിയ ടെലി മാർക്കറ്റിങ് നിയമം കഴിഞ്ഞ ആഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും പ്രമോഷനുകൾക്ക് വ്യക്തികളുടെ ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നതിന് കൃത്യമായ മാർഗ നിർദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് നിയമം.
ഉപഭോക്താക്കളെ രാവിലെ ഒമ്പതിനും വൈകീട്ട് ആറിനും ഇടയിൽ മാത്രമേ വിളിക്കാൻ പാടുള്ളൂ, ഒരിക്കൽ കാൾ നിരസിച്ചാൽ അന്നേ ദിവസം വീണ്ടും വിളിക്കാൻ പാടില്ല തുടങ്ങിയ കർശന നിബന്ധനകളാണ് നിയമം മുന്നോട്ടുവെക്കുന്നത്.
വ്യക്തിഗത ഫോൺ നമ്പറുകളോ ലാൻഡ് ലൈനുകളോ മാർക്കറ്റിങ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് വ്യക്തികളെ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ടി.ഡി.ആർ.എ അതോറിറ്റി വ്യക്തമാക്കി.
കാളുകൾ ഇവരുടെ സ്വന്തം നേട്ടത്തിനോ ഉപഭോക്താക്കളുടെ ആവശ്യത്തിനോ ആയാലും അനുവദിക്കില്ലെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. നിയമം ലംഘിക്കുന്നവർ ഒന്നര ലക്ഷം ദിർഹം വരെ പിഴയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശനമായ പിഴ നടപടികളും നേരിടേണ്ടിവരും. പിഴവ് ആവർത്തിച്ചാൽ ടെലികമ്യൂണിക്കേഷൻ സേവനങ്ങൾ ഒരു വർഷത്തേക്ക് റദ്ദാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.