ദുബൈ: ലോക ക്രിക്കറ്റിെൻറ ഹബ്ബായി മാറുന്ന യു.എ.ഇയിൽ നാലാമത് ക്രിക്കറ്റ് സ്റ്റേഡിയം തയാർ. അബൂദബിയിലാണ് ടോളറൻസ് ഓവൽ എന്ന പേരിൽ സ്റ്റേഡിയം ഉയർന്നത്.ട്വൻറി-20 ലോകകപ്പിന് മുമ്പായി സെപ്റ്റംബറിൽ തുറക്കാനാണ് പദ്ധതി. ഒക്ടോബർ 17 മുതലാണ് ട്വൻറി-20 ലോകകപ്പ്.
എന്നാൽ, ഐ.സി.സിയുടെ അറിയിപ്പ് പ്രകാരം ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം, അബൂദബി ശൈഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, മസ്കത്ത് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ലോകകപ്പ് നടക്കുക. ടോളറൻസ് ഹബ്ബിനെയും ലോകകപ്പിന് പരിഗണിക്കുന്ന കാര്യം ഐ.സി.സിയുമായി സംസാരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
12,000 പേർക്ക് ഇരിക്കാവുന്ന ഗാലറിയുണ്ട്. ഏഴുവർഷം മുമ്പാണ് നിർമാണം തുടങ്ങിയത്. നിർമാണം നേരത്തെ പൂർത്തീകരിച്ചിരുന്നെങ്കിലും അന്താരാഷ്ട്ര മത്സരങ്ങൾക്ക് നൽകാൻ പാകത്തിൽ അടുത്തിടെ നവീകരിക്കുകയായിരുന്നു.
യു.എ.ഇയുടെ സംസ്കാരവും സഹിഷ്ണുതാ മനോഭാവവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് ടോളറൻസ് ഓവൽ എന്ന് പേരിട്ടിരിക്കുന്നത്. ശൈഖ് സായിദ് സ്റ്റേഡിയത്തിന് സമീപമാണ് ടോളറൻസ് ഓവൽ.
പ്രത്യേക ടൂർണമെൻറ് മുന്നിൽക്കണ്ട് നിർമിച്ചതല്ല പുതിയ സ്റ്റേഡിയമെന്നും ഏത് ഫോർമാറ്റിലുമുള്ള ടൂർണമെൻറുകൾ നടത്താൻ സ്റ്റേഡിയം സജ്ജമാണെന്നും അബൂദബി ക്രിക്കറ്റ് സി.ഇ.ഒ മാറ്റ് ബൗച്ചർ പറഞ്ഞു. മേയിലാണ് നവീകരണം തുടങ്ങിയത്. രണ്ട് വർഷമായി ഇവിടെ ജൂനിയർ തല മത്സരങ്ങളും പരിശീലനങ്ങളും നടക്കുന്നുണ്ട്. ഏഷ്യൻ കപ്പ് ഫുട്ബാളിൽ ടീമുകൾക്ക് പരിശീലനത്തിന് സ്റ്റേഡിയം വിട്ടുനൽകിയിരുന്നു. ഏഴ് ടീമുകൾ ഇവിടെ പരിശീലനത്തിനെത്തി. എന്നാൽ, ലോകോത്തര ക്രിക്കറ്റ് മൈതാനമാക്കാനായിരുന്നു ബോർഡിന് താൽപര്യം.
ഉന്നത നിലവാരത്തിലുള്ള ഫ്ലഡ്ലൈറ്റുകൾ അടുത്ത മാസം സ്ഥാപിക്കും. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉപയോഗിക്കാവുന്ന കാമറ സംവിധാനങ്ങളും ഏർപ്പെടുത്തും. കോവിഡിൽനിന്ന് സുരക്ഷയൊരുക്കി ക്രിക്കറ്റ് നടത്താൻ തങ്ങൾ സജ്ജമാണെന്നും ബൗച്ചർ പറഞ്ഞു. യു.എ.ഇയിൽ സ്റ്റേഡിയങ്ങളുടെ പരിമിതിയുള്ളതിനാലാണ് ട്വൻറി-20 ലോകകപ്പിന് നാലാം ഗ്രൗണ്ടായി മസ്കത്തിനെ പരിഗണിച്ചത്.
പുതിയ സ്റ്റേഡിയത്തിന് ഐ.സി.സി അംഗീകാരം നൽകിയാൽ ലോകകപ്പ് യു.എ.ഇയിലെ നാല് സ്റ്റേഡിയങ്ങളിലും നടത്താൻ കഴിയും. ഐ.പി.എൽ, പി.എസ്.എൽ പോലുള്ള ലീഗുകൾക്കും ഇത് ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.