ദുബൈ: രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞ, 18 വയസ്സ് പിന്നിട്ട മുഴുവൻ യു.എ.ഇ താമസക്കാരും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകൾ ഒരിടവേളക്ക് ശേഷം വീണ്ടും വർധിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ നിർദേശം. ചൊവ്വാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 452കേസുകളാണ്. ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുന്നത് രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറക്കുകയും കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചതായി അതോറിറ്റി വ്യക്തമാക്കി. പുതിയ വകഭേദങ്ങൾ പകരുന്നത് പ്രതിരോധിക്കാനും ബൂസ്റ്റർ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. തേസമയം, ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് കുറവാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. നൂറ അൽ ഗൈഥി അറിയിച്ചു. നിലവിൽ ആശുപത്രിയിൽ 55 ശതമാനം ഐ.സി.യു കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഒമിക്രോൺ വകഭേദം ബാധിച്ച രാജ്യങ്ങളിലെ ആരോഗ്യ സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. വാക്സിൻ സ്വീകരിച്ചു എന്നതിനാൽ മുൻകരുതൽ നടപടികളിൽ വീഴ്ച വരുത്തരുത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആൾകൂട്ടത്തിൽ നിന്ന് മാറി നിൽക്കുക, മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നിവയിൽ വീഴ്ചയുണ്ടാകരുത് -അവർ വ്യക്തമാക്കി. ചൊവ്വാഴ്ച നാലുലക്ഷത്തോളം പരിശോധന നടത്തിയതിൽ നിന്നാണ് 452 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു മരണവും കോവിഡ് മൂലം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിൽ രോഗികളുടെ എണ്ണം നൂറിനും താഴെയായിരുന്നു. രാജ്യത്ത് നിലവിൽ നൂറുശതമാനമാണ് ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ നിരക്ക്. രണ്ടു ഡോസും സ്വീകരിച്ചവർ 91.5 ശതമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.