ദുബൈ: പശ്ചിമേഷ്യ, ആഫ്രിക്ക മേഖലയിൽ ജീവിക്കാൻ എറ്റവും മികച്ച നഗരങ്ങളായി അബൂദബിയും ദുബൈയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എകണോമിക് ഇന്‍റലിജൻസ് യൂനിറ്റ് നടത്തിയ സർവെയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് മഹാമാരിയിൽ നിന്ന് വളരെ വേഗത്തിൽ മോചിതമാകാൻ സാധിച്ചതും വാക്സിനേഷൻ ധ്രുതഗതിയിൽ പൂർത്തിയാക്കിയതും ഇരു പട്ടണങ്ങൾക്കും പട്ടികയിൽ മുന്നിലെത്താൻ സഹായകമായി.
2020ലെ ആദ്യ കോവിഡ് തരംഗത്തിന് ശേഷം അബുദാബിയും ദുബൈയും മിക്ക അവസരങ്ങളിലും വലിയ നിയന്ത്രണങ്ങളില്ലാതെ തുറന്നുകിടന്നത് താരതമ്യേന പെട്ടെന്നുള്ള സാമ്പത്തിക മേഖലയിലെ വീണ്ടെടുക്കലിന് സഹായിച്ചെന്ന് റിപ്പോർട്ട് ചൂണ്ടികാട്ടുന്നു. ഈ വർഷം ജൂണോടെ എല്ലാ വിഭാഗത്തിനും കോവിഡ് വാക്സിനേഷൻ പൂർത്തീകരിക്കാനും സാധിച്ചു. ഇതെല്ലാമാണ് പ്രതിസന്ധികൾ നിറഞ്ഞ കാലത്തും താമസിക്കാനും ജോലി ചെയ്യാനും യോജിച്ച നഗരങ്ങളാക്കി രണ്ടിനെയും മാറ്റിയത്.
ആഗോള തലത്തിൽ തന്നെ കോവിഡാനന്തരം ഏറ്റവും വേഗത്തിൽ തുറന്ന നഗരമാണ് ദുബൈ. അധികാരികൾ നടപ്പിലാക്കിയ കർശനമായ നയങ്ങളിലൂടെ മഹാമാരിയെ നിയന്ത്രിക്കാൻ സാധിച്ചു. മഹാമാരി ദുർബലമായതോടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദസഞ്ചാരത്തിന് വലിയ ഒഴുക്ക് രണ്ട് എമിറേറ്റുകളിലേക്കുമുണ്ടായി. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ദുബൈ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആഗസ്റ്റിലെ കണക്കനുസരിച്ച് 41 ലക്ഷം സന്ദർശകരാണ് എത്തിയത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ (34 ലക്ഷം) പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ഈ വർഷം ആദ്യ ആറ് മാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത് 2.79 കോടി യാത്രക്കാരെയാണ്. 2021ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 161.9 ശതമാനം വർധനവാണുണ്ടായത്. ഈ വർഷം തന്നെ ദുബൈയുടെ ജനസംഖ്യ 35ലക്ഷം പിന്നിടുകയും ചെയ്തു. ഇതെല്ലാം വ്യക്തമാക്കുന്നത് യു.എ.ഇയെ ജീവിക്കാൻ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചതായാണ്.
അബൂദബിക്കും ദുബൈക്കും ശേഷം പട്ടികയിൽ കുവൈത്ത് സിറ്റി, തെൽഅവീവ്, ബഹ്റൈൻ എന്നിവലാണ് ഇടംപിടിച്ചിട്ടുള്ളത്. മേഖലയിൽ ജീവിക്കാൻ ഏറ്റവും പ്രയാസകരമായ നഗരങ്ങൾ ഡമാസ്കസ്, ലാഗോസ്, ട്രിപ്പളി തുടങ്ങിയവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.