അബൂദബി: പൊതു ഗതാഗത ബസുകളിലെ നിരക്ക് ഏകീകരിച്ചതായി അബൂദബി സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. നഗര, ഗ്രാമ ബസ് സർവിസുകളിലെ മിനിമം ചാർജ് രണ്ടു ദിർഹമായിരിക്കും.
പിന്നീടുള്ള ഓരോ കിലോമീറ്ററിനും അഞ്ചു ഫിൽസ് വീതമാവും ഈടാക്കുക. യാത്രക്ക് അഞ്ചു ദിർഹമെന്ന നിലവിലെ നിരക്ക് എടുത്തുകളഞ്ഞാണ് പുതിയ നിരക്ക് ഏകീകരണം.
ഒരാൾ യാത്രാലക്ഷ്യത്തിലെത്താൻ ഒന്നിലധികം ബസുകളിൽ കയറേണ്ടിവന്നാൽ മിനിമം ചാർജായ രണ്ടു ദിർഹം നിരക്ക് ഒന്നിലേറെ തവണ കൊടുക്കേണ്ടതില്ലെന്നും സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
യാത്രയുടെ അവസാനം സഞ്ചരിച്ച ദൂരം കണക്കാക്കി ഹഫാലത്ത് സ്മാർട്ട് കാർഡ് ഉപയോഗിച്ച് പണം അടക്കാം. നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ ബസുകൾ മാറിക്കയറിയിരിക്കണം, ആദ്യം കയറിയ ബസിൽനിന്ന് രണ്ടു തവണയിൽ കൂടുതൽ ബസുകൾ മാറിക്കയറാൻ പാടില്ല (പരമാവധി മൂന്നു ബസുകളിൽ കയറി യാത്ര പൂർത്തിയാക്കിയിരിക്കണം), യാത്രയുടെ വിപരീത ദിശയിലും മാറ്റം ഉണ്ടാവാൻ പാടില്ല എന്നിങ്ങനെ മൂന്നു വ്യവസ്ഥകൾ ഇത്തരം യാത്രകൾക്ക് ബാധകമാണ്.
യാത്ര തുടങ്ങുമ്പോൾ യാത്രക്കാർ തങ്ങളുടെ ഹഫാലത്ത് കാർഡ് സ്വൈപ് ചെയ്തിരിക്കണം. ഇതിൽ വീഴ്ച വരുത്തുന്നവർ യാത്ര അവസാനിപ്പിക്കുമ്പോൾ പരമാവധി ചാർജ് നൽകേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.