ദുബൈ: എമിറേറ്റിൽ റെസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാനും താമസക്കാരെ അതിലേക്ക് പ്രേരിപ്പിക്കാനും ലക്ഷ്യമിട്ട് ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ ‘ഐഡിയൽ ഫേസ്’ സംരംഭത്തിന്റെ ഭാഗമായാണ് താമസക്കാരെ ആദരിക്കാനും റെസിഡൻസി നിയമങ്ങൾ പാലിക്കാനുമുള്ള പ്രതിജ്ഞയെടുക്കാനും പ്രത്യേക വേദിയൊരുക്കിയത്. ആഗോള ഗ്രാമത്തിലെ പ്രധാന സ്റ്റേജിന് സമീപമാണ് പ്ലാറ്റ്ഫോം. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ആരംഭിച്ച ഈ പവലിയനിൽ വൈകീട്ട് നാല് മുതൽ രാത്രി 11 വരെ സന്ദർശകരെ സ്വീകരിക്കും.
അവർക്ക് ഈ പ്ലാറ്റ്ഫോം വഴി പ്രതിജ്ഞ സ്ഥിരീകരിക്കാനും ജി.ഡി.ആർ.എഫ്.എയുടെ പ്രശംസ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സാധിക്കും. കൂടാതെ ക്വിസിൽ പങ്കെടുക്കാനും കഴിയും.
വിജയികൾക്ക് പ്രതീകാത്മക സമ്മാനങ്ങൾ ഡയറക്ടറേറ്റ് നൽകും. മാത്രവുമല്ല കുട്ടികളെ ആകർഷിക്കാൻ ജി.ഡി.ആർ.എഫ്.എയുടെ കാർട്ടൂൺ കഥാപാത്രങ്ങളായ സാലമിന്റെയും സലാമയുടെയും സാന്നിധ്യവും ഇവിടെയുണ്ട്. അവർക്കൊപ്പം ഫോട്ടോയെടുക്കാനും അവസരം ലഭിക്കും. സമൂഹത്തിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.