അബൂദബി: ഏറെ നാളുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് അബൂദബി ദേശീയ അക്വേറിയം തുറക്കുന്നു. വെള്ളിയാഴ്ചയാണ് പൊതുജനങ്ങള്‍ക്കായി ഇതു തുറക്കുന്നത്. പശ്ചിമേഷ്യയിലെതന്നെ ഏറ്റവും വലിയ അക്വേറിയമാണ് അബൂദബി ഖോര്‍ അല്‍ മഖ്തയിലെ അല്‍ഖാനയില്‍ തയാറാക്കിയിരിക്കുന്നത്. 10 വിഭാഗങ്ങളിലായി 330ല്‍ അധികം ഇനങ്ങളില്‍പെട്ട ആയിരക്കണക്കിന് ജീവികളാണ് 9000 ചതുരശ്ര മീറ്ററില്‍ അധികം വലുപ്പമുള്ള ഈ അക്വേറിയത്തിലുള്ളത്. അക്വേറിയത്തിെൻറ മേല്‍നോട്ടത്തിനും പരിചരണത്തിനുമായി സമുദ്ര ജീവി വിദഗ്ധരും പ്രത്യേക പരിശീലനം നേടിയവരുമായ 80 അംഗ സംഘത്തെയാണ് അധികൃതര്‍ നിയോഗിച്ചിരിക്കുന്നത്.
പരിസ്ഥിതി ഏജന്‍സി അബൂദബി (ഇ.എ.ഡി), ഡിപ്പാര്‍ട്മെൻറ് ഓഫ് മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ഡി.എം.ടി), അല്‍ ബറക ഇൻറര്‍നാഷനല്‍ ഇന്‍വെസ്റ്റ്മെൻറ് എന്നിവര്‍ ചേര്‍ന്നാണ് അക്വേറിയം വികസിപ്പിച്ചെടുത്തത്.
യു.എ.ഇയുടെ പൈതൃകത്തിന് ആദരവാണ് ദേശീയ അക്വേറിയമെന്ന് അക്വേറിയം ജനറല്‍ മാനേജര്‍ പോള്‍ ഹാമില്ട്ടണ് പറഞ്ഞു. വന്‍ സ്രാവുകളും 14 വയസ്സുള്ള പെരുമ്പാമ്പുമൊക്കെ ഇനി അബൂദബി ദേശീയ അക്വേറിയത്തിലുണ്ടാവുമെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബൂദബി പരിസ്ഥിതി ഏജന്‍സിയുമായി ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കി, വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ പരിപാലനവും ഇതുമായി ബന്ധപ്പെട്ട പൊതുജന ബോധവത്കരണവുമെല്ലാം അക്വേറിയത്തിെൻറ സുപ്രധാന ലക്ഷ്യങ്ങളാണ്. ഇത്തരത്തിലുള്ള കൂട്ടായ ശ്രമത്തിെൻറ ഫലമായി 200 ഓളം കടലാമകള്‍ അടക്കം നിരവധി മൃഗങ്ങളെ രക്ഷിക്കാനും സാധിച്ചിട്ടുണ്ട്.
അക്വേറിയം കോംപ്ലക്സിനോട് അനുബന്ധിച്ച് വിഭവ സമൃദ്ധമായ ഭക്ഷണ വൈവിധ്യങ്ങള്‍ അടങ്ങിയ റസ്റ്റാറൻറുകള്‍, കമ്മ്യൂണിറ്റി സ്പേസുകള്‍, സിനിമാശാലകള്‍, ഗെയിമിങ് സോണ്‍, വെര്‍ച്വല്‍ റിയാലിറ്റി പാര്‍ക്ക് തുടങ്ങിയവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്. 105 ദിര്‍ഹമാണ് അക്വേറിയത്തില്‍ പ്രവേശിക്കുന്നതിന് കുറഞ്ഞ ടിക്കറ്റ് വില. നാലു തരം ടിക്കറ്റുകളാണ് ഇവിടെ ലഭിക്കുക. 130, 150, 200 ദിര്‍ഹം എന്നിവയാണ് മറ്റ് ടിക്കറ്റുകളുടെ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.