അബൂദബി: യു.എ.ഇയിൽ താമസവിസയുള്ളവർക്ക് ഇനി തായ്ലൻഡിലേക്ക് യാത്രചെയ്യാൻ ഇ-വിസ ലഭിക്കും. വിസക്കായി തായ് എംബസിയിൽ അപേക്ഷകർ ഇനി നേരിട്ട് എത്തേണ്ടതില്ല. തായ്ലൻഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ അപേക്ഷകർക്ക് ഓൺലൈനായി വിസ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
2025 ജനുവരി 1 മുതല്‍ പുതിയ ഇ-വിസ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാം. അബൂദബിയിലെ റോയല്‍ തായ് എംബസിയിലോ ദുബൈയിലെ റോയല്‍ തായ് കോണ്‍സുലേറ്റ് ജനറല്‍ ഓഫിസിലോ ഇനിമുതല്‍ വിസക്കായി നേരിട്ട് ഹാജരായി പാസ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ഒറിജിനല്‍ സപ്പോര്‍ട്ടിങ് രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ലെന്ന് എംബസി പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
തായ്ലൻഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അക്കൗണ്ട് സൃഷ്ടിക്കുകയാണ് അപേക്ഷകന് ചെയ്യേണ്ടത്. ഇതിനുശേഷം അപേക്ഷ ഫോറം പൂരിപ്പിക്കുകയും ആവശ്യമായ രേഖകള്‍ അപ് ലോഡും ചെയ്തശേഷം വിസക്കുള്ള ഫീസ് അടക്കണം.
ഫീസിന്റെ രസീത് രജിസ്ട്രേഡ് ഇമെയില്‍ വഴി അയച്ചുനല്‍കും. പൂരിപ്പിക്കുന്ന അപേക്ഷയില്‍ അക്ഷരത്തെറ്റുകള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് അപേക്ഷ നിരസിക്കാന്‍ കാരണമാവും. ഇ-വിസ അപേക്ഷ പരിശോധിക്കുന്ന സമയത്ത് ആവശ്യമെങ്കില്‍ എംബസി കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുകയോ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിക്കുകയോ ചെയ്തേക്കാം.
ഇ-വിസ അപേക്ഷക്ക് അനുമതി നല്കിയാല് അപേക്ഷകന്റെ ഇ-മെയില്‍ വിലാസത്തിലേക്ക് കണ്ഫര്മേഷന് ഇമെയില്‍ ലഭിക്കും. ഇ-വിസയുടെ പ്രിന്റൗട്ട് എയര്‍പോര്‍ട്ടിലും വിമാനക്കമ്പനി ജീവനക്കാരും തായ്ലൻഡിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ആവശ്യപ്പെടുമ്പോള്‍ കാണിക്കണമെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.