ദുബൈ: രാജ്യത്തെ മരുന്നു വ്യവസായരംഗത്തെ നിയന്ത്രിക്കുന്നതിനും ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമായി പുതിയനിയമം രൂപപ്പെടുത്തി യു.എ.ഇ. മെഡിക്കൽ ഉൽപന്നങ്ങൾ, ഫാർമസി ജോലി, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതാണ് സർക്കാർ പുറത്തിറക്കിയ ഫെഡറൽ നിയമം.
ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ വ്യവസായങ്ങളുടെ ആഗോളതലത്തിൽതന്നെ വിശ്വസനീയമായ കേന്ദ്രമായി യു.എ.ഇയെ മാറ്റുക, ഫാർമസ്യൂട്ടിക്കൽ സുരക്ഷ വർധിപ്പിക്കുക, മെഡിക്കൽ ഉൽപന്നങ്ങളുടെ വികസനം, അംഗീകാരം, നിർമാണം, വിപണനം, വിതരണം എന്നിവയെല്ലാം അന്താരാഷ്ട്ര നിലവാരവും സമയക്രമവും പാലിച്ച് കാര്യക്ഷമമാക്കുക എന്നിവയാണ് നിയമം ലക്ഷ്യമിടുന്നത്.
നിയമപ്രകാരം ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ കണ്ടുപിടിത്തങ്ങൾ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തുകയും മെഡിക്കൽ ഉൽപന്നങ്ങളുടെ ഇറക്കുമതി, കയറ്റുമതി, വിതരണം, വിൽപന എന്നിവ സംബന്ധിച്ച് നിയന്ത്രണ പ്രോട്ടോകോളുകൾ തയാറാക്കുകയും ചെയ്യും. മെഡിക്കൽ ഉൽപന്നങ്ങളുടെ വിലനിർണയം, വിതരണം, നിരീക്ഷണം എന്നിവ സംബന്ധിച്ച നയങ്ങൾ രൂപീകരിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ പോളിസി കമ്മിറ്റി രൂപവത്കരിക്കും.
മെഡിക്കൽ ഉൽപന്നങ്ങളുടെ ഇൻവെന്ററിക്കായി ദേശീയനയവും രൂപവത്കരിക്കും. രാജ്യത്തെ മെഡിക്കൽ മേഖലയിൽ നിക്ഷേപവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും മരുന്നുകൾ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മരുന്നുകളുടെ പാർശ്വഫലങ്ങൾ കുറക്കുന്നതിലും ശ്രദ്ധിക്കുന്ന സംവിധാനവും നിയമം മുന്നോട്ടുവെക്കുന്നുണ്ട്.
ഫാർമസികൾ, മാർക്കറ്റിങ് സ്ഥാപനങ്ങൾ, ബയോബാങ്കുകൾ, ഫാർമസ്യൂട്ടിക്കൽ കൺസൾട്ടിങ് കമ്പനികൾ, ലബോറട്ടറികൾ, ക്ലിനിക്കൽ റിസർച് ഓർഗനൈസേഷനുകൾ, ഫ്രീ സോണുകൾ ഉൾപ്പെടെയുള്ള യു.എ.ഇയിലെ മെഡിക്കൽ സ്ഥാപനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരും. ഔഷധ ഉൽപന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, ഡയറ്ററി സപ്ലിമെന്റുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവക്കും പുതിയ നിയമം ബാധകമാകും.
നിയമലംഘനമുണ്ടായാൽ മെഡിക്കൽ പ്രഫഷനലുകൾ, ഫാർമസികൾ, മെഡിക്കൽ സ്ഥാപനങ്ങൾ എന്നിവക്ക് പിഴ ചുമത്തുകയും അവരുടെ ലൈസൻസുകൾ താൽക്കാലികമായോ സ്ഥിരമായോ റദ്ദാക്കുകയും ചെയ്യും. മുൻകരുതൽ നടപടിയെന്നനിലയിൽ അടച്ചുപൂട്ടുകയും ചെയ്യാം. മെഡിക്കൽ പ്രഫഷനലുകൾക്ക് 5 ലക്ഷം ദിർഹംവരെയും മെഡിക്കൽ സ്ഥാപനങ്ങൾക്ക് 10 ലക്ഷം ദിർഹംവരെയും പിഴ ചുമത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.