ഷാർജ: മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ആസിഫ് അലിയുടെ സാന്നിധ്യം ആവേശം വിതറിയ രാവിൽ ‘ഗൾഫ് മാധ്യമം’ ഒരുക്കിയ ഭക്ഷ്യമേള ‘ഫുഡോ ഫുഡി’ന് ഉജ്ജ്വല പരിസമാപ്തി. അഭിനയ മികവിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധേയ സാന്നിധ്യമായ നടൻ ആസിഫ് അലിയുടെ സിനിമ ജീവിതത്തിന്റെ 15ാം വാർഷികാഘോഷമാണ് ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിലെ ‘ഫുഡോ ഫുഡ്’ വേദിയിൽ അരങ്ങേറിയത്. മലയാളി പ്രേക്ഷകർ നാട്ടിലും പ്രവാസമണ്ണിലും നൽകിവരുന്ന സ്നേഹത്തിനും പരിഗണനക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ആസിഫ് അലി പറഞ്ഞു.
പ്രവാസി മലയാളികളുമായി സംവദിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും 2024 എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ചടങ്ങിൽ ആസിഫ് അലിക്കൊപ്പം നടി അനശ്വര രാജനും മറ്റു താരങ്ങളും യു.എ.ഇയിലെ പ്രവാസി മലയാളികളെ കാണാനെത്തിയിരുന്നു. ഇരുവരുടേയും പുതിയ സിനിമയായ ‘രേഖാചിത്ര’ത്തിന്റെ വിശേഷങ്ങളും വേദിയിൽ പങ്കുവെച്ചു.വൈവിധ്യമാർന്ന രുചികളുടെ മേളപ്പെരുക്കവുമായി ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘ഫുഡോ ഫുഡ്’ മേളയുടെ സമാപന ദിവസമായ ഞായറാഴ്ച നൂറുകണക്കിന് പേരാണ് എക്സ്പോ സെന്ററിൽ എത്തിച്ചേർന്നത്.
തനത് അറബ് രുചികൾക്കൊപ്പം ഇന്ത്യൻ, ചൈനീസ്, ഫിലിപ്പീൻസ്, കോണ്ടിനെന്റൽ തുടങ്ങി പലതരം രുചികൾ മേളയിൽ ഒരുക്കിയിരുന്നു. വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങൾക്കൊപ്പം നാലു ദിവസവും കല-സാംസ്കാരിക, വിനോദ, മത്സര പരിപാടികളും ഷാർജ എക്സ്പോ സെന്ററിൽ ഉത്സവാന്തരീക്ഷം തീർത്തു.
നിരവധി മത്സരങ്ങൾക്കു പുറമെ, മാജിക് ഷോ, പ്രമുഖ മ്യൂസിക് ബാൻഡുകൾ, വയലിൻ പ്രകടനങ്ങൾ, മെഹ്ഫിൽ അബൂദബി സംഘത്തിന്റെ മുട്ടിപ്പാട്ട് കലാപ്രകടനങ്ങൾ, കുട്ടികൾക്കായി ഫൺ ആൻഡ് ഗെയിം ആക്ടിവിറ്റിസ് എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ‘കമോൺ കേരള’യടക്കം ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ചുവരുന്ന വിവിധ സാംസ്കാരിക, വിനോദ, വിജ്ഞാന പരിപാടികളുടെ തുടർച്ചയായാണ് ‘ഫുഡോ ഫുഡ്’ എന്ന ഭക്ഷ്യവിഭവങ്ങളുടെ ഉത്സവം ഷാർജ എക്സ്പോ സെന്ററിൽ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.