അബൂദബി: ഇന്ത്യ-യു.എ.ഇ സാമ്പത്തിക പങ്കാളിത്ത കരാർ (സി.ഇ.പി.എ) ഒപ്പുവെച്ചതിന് പിറകെ അദാനി ഗ്രൂപ്പിൽ 7.3 ശതകോടി ദിർഹം (14,000 കോടി രൂപ) നിക്ഷേപമിറക്കാൻ അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഹോൾഡിങ് കമ്പനി (ഐ.എച്ച്.സി). അദാനി ഗ്രീൻ എനർജി(എ.ജി.ഇ.എൽ), അദാനി ട്രാൻസ്മിഷൻ (എ.ടി.എൽ), അദാനി എന്റർപ്രൈസസ് (എ.ഇൽ) എന്നീ കമ്പനികളുടെ ഓഹരികളാണ് ഐ.എച്ച്.സി. വാങ്ങുന്നത്.
നേരത്തെ അദാനി ഗ്രൂപ് അബൂദബിയിലും നിക്ഷേപം നടത്തിയിരുന്നു. എ.ജി.ഇ.എല്ലിൽ 183 കോടി ദിർഹം, എ.ടി.എല്ലിൽ 183 കോടി ദിർഹം, എ.ഇ.എല്ലിൽ 367 കോടി ദിർഹമുമാണ് നിക്ഷേപിക്കുക. അനുമതികളെല്ലാം ലഭിച്ചശേഷം ഒരുമാസത്തിനുള്ളിൽ ഇടപാട് പൂർത്തീകരിക്കുമെന്നാണ് വിവരം.
കമ്പനികളുടെ വ്യാപനത്തിനാണ് നിക്ഷേപത്തുക വിനിയോഗിക്കുക. സുസ്ഥിര വികസനം, അടിസ്ഥാനസൗകര്യം, ഹരിത ഊർജം, ഊർജ കൈമാറ്റം തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം. ഐ.എച്ച്.സി ഈ വർഷം നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണ് അദാനി ഗ്രൂപ്പിലേത്. നേരത്തേ അറീന ഇവന്റ്സ് ഗ്രൂപ്പിന്റെ 70 ശതമാനം ഓഹരികൾ ഐ.എച്ച്.സി സ്വന്തമാക്കിയിരുന്നു. 239.8 ദശലക്ഷം ദിർഹമാണ് കമ്പനി ഇതിനായി ചെലവഴിച്ചത്.
അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ-യു.എ.ഇ വ്യാപാരം 100 ശതകോടി ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് മാസം മുമ്പാണ് പങ്കാളിത്ത കരാർ ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി ചുങ്കം ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ വൈകാതെ പ്രാബല്യത്തിൽ വരും. 2020ൽ യു.എ.ഇ കമ്പനിയായ മുബാദല ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ രംഗത്ത് 120 കോടി ഡോളർ നിക്ഷേപിച്ചിരുന്നു. റിലയൻസും അബൂദബി കെമിക്കൽ ഡെറിവേറ്റിവ്സ് കമ്പനിയും റുവൈസിൽ 200 കോടി ഡോളറിന്റെ സംയുക്ത പദ്ധതി പ്രഖ്യാപിച്ചതും അടുത്തിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.