ഷാർജ: പുതിയ സർക്കാർ അധികാരമേറ്റശേഷം ആദ്യമായി സിറിയയിൽനിന്ന് യാത്രാവിമാനം യു.എ.ഇയിലെത്തി. ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ചയാണ് സിറിയൻ എയർ വിമാനമിറങ്ങിയത്. 145 സിറിയൻ പൗരന്മാരുമായാണ് വിമാനം വൈകുന്നേരം 3.35ന് ലാൻഡ് ചെയ്തതെന്ന് ‘സന’ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബശ്ശാറുൽ അസദിന്റെ ഭരണം അവസാനിച്ചശേഷം ഡിസംബർ എട്ടുമുതലാണ് വിമാന സർവിസുകൾ നിർത്തിയത്. ഇതിനുശേഷം സിറിയൻ തലസ്ഥാനത്തുനിന്നുള്ള അന്താരാഷ്ട്ര സർവിസുകൾ വിവിധ രാജ്യങ്ങളിലേക്ക് പുനരാരംഭിച്ചുവരികയാണ്.
13 വർഷത്തിനിടെ ആദ്യമായി ഖത്തറിലെ ദോഹയിൽനിന്ന് ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവിസുകളും ചൊവ്വാഴ്ച പുനരാരംഭിച്ചു. ആഭ്യന്തരയുദ്ധം കാരണം 2011ൽ സിറിയൻ തലസ്ഥാനത്തേക്കും അലപ്പോയിലേക്കും ഖത്തർ എയർവേയ്സ് സർവിസ് നിർത്തുകയായിരുന്നു.
ഡമാസ്കസിനും ദുബൈക്കുമിടയിലുള്ള സിറിയൻ എയർ വിമാനങ്ങൾ ജനുവരി 13 വരെ പൂർണമായി ബുക്കുചെയ്തു കഴിഞ്ഞുവെന്ന് വിമാനക്കമ്പനി ജീവനക്കാരനെ ഉദ്ധരിച്ച് ‘ദി നാഷണൽ’ റിപ്പോർട്ട് ചെയ്തു.
സിറിയയിലെ പുതിയ താൽക്കാലിക സർക്കാറിലെ വിദേശകാര്യ മന്ത്രി അസ്അദ് അൽ ശിബാനി അബൂദബിയിലെത്തി കഴിഞ്ഞ ദിവസം യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.