ഷാർജ: പരിസ്ഥിതി സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള സംരംഭങ്ങളും ഷാർജ എക്സിക്യുട്ടിവ് കൗൺസിൽ അവലോകനം ചെയ്തു. പുതിയ പാരിസ്ഥിതിക രീതികൾ വളർത്തിയെടുക്കുന്നതിൽ സമൂഹത്തിന്റെയും അതിലെ അംഗങ്ങളുടെയും പങ്ക് നിർണായകമാണെന്ന് യോഗം വ്യക്തമാക്കി.
കൂടാതെ, എമിറേറ്റിൽ പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടാനുള്ള ഫീസ് പുതുക്കുന്നത് സംബന്ധിച്ചും കൗൺസിൽ തീരുമാനമെടുത്തു. ഈ തീരുമാനം ഗുരുതര കുറ്റകൃത്യങ്ങളെ തുടർന്ന് പിടിച്ചെടുക്കുന്ന എല്ലാ വാഹനങ്ങൾക്കും അവയുടെ ഉടമകൾക്കും ഡ്രൈവർമാർക്കും ബാധകമാണ്.
നിയമപരമായ കണ്ടുകെട്ടൽ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ, ഈ വാഹനങ്ങളുടെ തിരിച്ചേൽപിക്കൽ സുഗമമാക്കാനാണ് തീരുമാനം. അതേസമയം, പുതുക്കിയ ഫീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനം വിലയിരുത്തുന്ന അജണ്ടകളും എക്സിക്യുട്ടിവ് കൗൺസിലിൽ ചർച്ച ചെയ്തു.
എമിറേറ്റിന്റെ സാമ്പത്തികവളർച്ചയെ സഹായിക്കുന്നതിന് സാമ്പത്തികമേഖലയെ ശക്തിപ്പെടുത്തുന്ന നിയമ ചട്ടക്കൂടുകളാണ് പ്രധാനമായി അവലോകനം ചെയ്തത്.
ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ഭരണാധികാരിയുടെ ഓഫിസിലാണ് കൗൺസിൽ യോഗം ചേർന്നത്.
ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.